സൂറത്തിലെ വ്യാജആശുപത്രി | Photo: x.com/iShekhab

അഹമ്മദാബാദ് : വ്യാജകോടതി, ടോള്‍ ഗേറ്റ്, സര്‍ക്കാര്‍ ഓഫീസ് എന്നിവയ്ക്കുപിന്നാലെ ഗുജറാത്തില്‍ വ്യാജന്മാര്‍ചേര്‍ന്ന് ആശുപത്രിയും തുറന്നു. ഉന്നത ഉദ്യാഗസ്ഥരെ അവര്‍പോലും അറിയാതെ ക്ഷണിതാക്കളാക്കിയ ഉദ്ഘാടനച്ചടങ്ങ് ശ്രദ്ധിച്ച പോലീസ് അടുത്തദിവസംതന്നെ അത് പൂട്ടിച്ചു.

സൂറത്തിലെ പാണ്ഡേസരയില്‍ തുറന്ന ജനസേവാ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാണ് ചികിത്സ തുടങ്ങുംമുന്നേ അടപ്പിച്ചത്. ഇതിന്റെ അഞ്ച് സ്ഥാപകരില്‍ രണ്ടുപേരുടേത് വ്യാജബിരുദങ്ങളാണെന്ന് പോലീസ് പറഞ്ഞു. മറ്റുള്ളവരുടെ കാര്യം അന്വേഷിച്ചുവരുകയാണ്. ആയുര്‍വേദ ബിരുദധാരിയെന്ന് നോട്ടീസില്‍ പേരുവെച്ച ബി.ആര്‍. ശുക്‌ള വ്യാജബിരുദക്കേസില്‍ നേരത്തേതന്നെ പ്രതിയാണ്.

ഇലക്ട്രോ ഹോമിയോപ്പതിയില്‍ ബിരുദധാരിയെന്ന് അവകാശപ്പെടുന്ന ആര്‍.കെ. ദുബൈയും സമാനമായ കേസ് നേരിടുന്നയാളാണ്. മൂന്നാമനായ ജി.പി. മിശ്രയ്‌ക്കെതിരേ മദ്യനിരോധന നിയമപ്രകാരം മൂന്ന് കേസുകള്‍ നിലവിലുണ്ട്. ഇയാളുടെയും സഞ്ജയ് മീണ, പ്രത്യൂഷ് ഗോയല്‍ എന്നിവരുടെയും ബിരുദങ്ങള്‍ പരിശോധിച്ചുവരുകയാണ്.

ഞായറാഴ്ചയാണ് ആശുപത്രി ഉദ്ഘാടനം ചെയ്തത്. നോട്ടീസില്‍ അതിഥികളായി സൂറത്ത് മുനിസിപ്പല്‍ കമ്മിഷണര്‍ ശാലിനി അഗര്‍വാള്‍, പോലീസ് കമ്മിഷണര്‍ അനുപം സിങ് ഗഹ്ലോത്ത്, ജോയിന്റ് പോലീസ് കമ്മിഷണര്‍ രാഘവേന്ദ്ര വത്സ തുടങ്ങിയവരുടെ പേരുകളുണ്ടായിരുന്നു. എന്നാല്‍, അവരെയൊന്നും യഥാര്‍ഥത്തില്‍ ക്ഷണിച്ചിരുന്നില്ല. ആരും വന്നതുമില്ല. ആശുപത്രി പൂട്ടി മുദ്രവെച്ചു.

പ്രതികള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. രണ്ടുനിലയില്‍ സജ്ജീകരിച്ച സ്ഥാപനത്തിന് നിയമപ്രകാരമുള്ള രജിസ്ട്രേഷനും ഉണ്ടായിരുന്നില്ല.