സജി ചെറിയാന്‍
തിരുവനന്തപുരം ∙ ഭരണഘടനാ വിരുദ്ധപ്രസംഗം സംബന്ധിച്ച കേസില്‍ വിധി പറയും മുന്‍പ് തന്റെ ഭാഗം കൂടി ഹൈക്കോടതി കേള്‍ക്കേണ്ടതായിരുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍. സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ പശ്ചാത്തലത്തില്‍ രാജി വയ്‌ക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി സൂചിപ്പിച്ചു. പ്രസംഗത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചല്ല മറിച്ച് കേസ് അന്വേഷണത്തെക്കുറിച്ചാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. തന്റെ ഭാഗം കേള്‍ക്കാതിരുന്ന സാഹചര്യത്തില്‍ വിധി പഠിച്ച് നിയമപരമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.
‘‘വിഷയത്തില്‍ യാതൊരു ധാര്‍മിക പ്രശ്‌നവും നിലവിലില്ല. പൊലീസ് അന്വേഷിച്ചു നല്‍കിയ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന നിലപാടാണ് കീഴ്‌ക്കോടതി സ്വീകരിച്ചത്. അതാണ് ഹൈക്കോടതിയില്‍ എത്തിയത്. വീണ്ടും അന്വേഷിക്കാനാണു ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കട്ടെ. വിഷയത്തിന്റെ ഉള്ളടക്കത്തിലേക്കു കോടതി പോകാത്തിടത്തോളം ധാര്‍മിക പ്രശ്‌നമില്ല. ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണ് ആദ്യം രാജിവച്ചത്. കീഴ്‌ക്കോടതി പൊലീസ് റിപ്പോര്‍ട്ട് ശരിവച്ചതു കൊണ്ടാണ് വീണ്ടും മന്ത്രിയായത്. പ്രസംഗം പരിശോധിച്ച് തെറ്റില്ലെന്ന് ഒരു കോടതി പറഞ്ഞു. അടുത്ത കോടതി അതിനു വിരുദ്ധമായി പറഞ്ഞു. അതിനു മുകളിലും കോടതി ഉണ്ടല്ലോ. അന്വേഷണം തുടര്‍ന്നു നടത്തണമെന്നു മാത്രമാണ് കോടതി പറഞ്ഞിരിക്കുന്നത്. മന്ത്രിയായുള്ള പ്രവര്‍ത്തനം തുടരും’’– സജി ചെറിയാന്‍ പറഞ്ഞു.
