കൈക്കുഞ്ഞിന്റെ അരഞ്ഞാണം വിഴുങ്ങിയ ദിൽഷാദ് ബീഗത്തെ തിരൂർ പോലീസ് മഞ്ചേരിമെഡിക്കൽകോളേജ് ആശുപത്രിയിൽ കൊണ്ടുപോയി ആഭരണം പുറത്തെടുക്കാൻ പറ്റാതെ തിരൂർ സ്റ്റേഷനിൽ തിരിച്ചുകൊണ്ടുവന്നപ്പോൾ.
തിരൂര്‍(മലപ്പുറം): നിസ്‌കരിക്കാനെന്ന വ്യാജേന എത്തിയ യുവതി പള്ളിയിലുണ്ടായിരുന്ന കൈക്കുഞ്ഞിന്റെ അരഞ്ഞാണം കവര്‍ന്ന് വിഴുങ്ങി. കവര്‍ച്ച കൈയോടെ പിടികൂടിയെങ്കിലും പോലീസ് ആകെ വലഞ്ഞു. തൊണ്ടിമുതല്‍ പുറത്തെടുക്കാന്‍ രാത്രിവരെയും കഴിഞ്ഞില്ല.
നിറമരുതൂര്‍ സ്വദേശിനി മലയില്‍ ദില്‍ഷാദ് ബീഗ(48)ത്തെയാണ് തിരൂര്‍ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് തിരൂര്‍ പാന്‍ബസാറിലെ പള്ളിയില്‍വെച്ച് കൈക്കുഞ്ഞിന്റെ അരഞ്ഞാണം കവര്‍ന്നത്. ഉടന്‍ പോലീസിനെ അറിയിച്ചു.
പോലീസെത്തി സ്ത്രീയെ കസ്റ്റഡിയിലെടുത്തു. ആഭരണം താന്‍ എടുത്തിട്ടില്ലെന്നും വേണമെങ്കില്‍ ദേഹപരിശോധന നടത്തിക്കോളൂവെന്നുമായി സ്ത്രീ. സ്വര്‍ണം വിഴുങ്ങിയതായി സംശയംതോന്നി പോലീസ് ഇവരെ ആശുപത്രിയില്‍ കൊണ്ടുപോയി എക്‌സ്-റേ എടുത്തു പരിശോധിച്ചു.
ആഭരണം വയറ്റിലുണ്ടെന്ന് എക്‌സ് റേയില്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് പ്രതിയെ തിരൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വയറ്റിലുള്ള തൊണ്ടിമുതല്‍ പുറത്തെടുക്കാനായി മജിസ്‌ട്രേറ്റ് മൂന്നുദിവസത്തേക്ക് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. സ്ത്രീയെക്കൊണ്ട് വിസര്‍ജനം നടത്തിച്ച് വിഴുങ്ങിയ ആഭരണം കണ്ടെടുക്കാമെന്നായിരുന്നു പോലീസിന്റെ പ്രതീക്ഷ. പക്ഷേ, കിട്ടാതെയായതോടെ ഇവരെ എ.എസ്.ഐ. ഹൈമാവതിയുടെ നേതൃത്വത്തില്‍ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയി. പഠിച്ച പണി പതിനെട്ടും പ്രയോഗിച്ചിട്ടും സ്വര്‍ണ അരഞ്ഞാണം പുറത്തുവന്നില്ല. നിരാശരായി പ്രതിയെ പോലീസ് തിരൂര്‍ സ്റ്റേഷനില്‍ തിരിച്ചെത്തിച്ചു. ആഭരണം എങ്ങനെയും പുറത്തേക്കു വരുത്തി കണ്ടെടുക്കാനുള്ള പെടാപ്പാടിലാണ് പോലീസ്. ബുധനാഴ്ച കസ്റ്റഡി കാലാവധി കഴിയും. അന്ന് പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കേണ്ടി വരും.
തിരൂര്‍ ഡിവൈ.എസ്.പി. കെ.എം ബിജുവിന്റെ നിര്‍ദേശാനുസരണം തിരൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. ആര്‍.പി. സുജിത്ത്, എ.എസ്.ഐ. ഹൈമാവതി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ. ജിനേഷ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റുചെയ്തത്.
