സോഹം ചക്രബർത്തി | File Photo: ANI
കൊല്‍ക്കത്ത: ടി.എം.സി. ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഹോട്ടലുടമയെ ക്രൂരമായി മര്‍ദിച്ച് നടനും ടി.എം.സി. എം.എല്‍.എയുമായ സോഹം ചക്രബര്‍ത്തി. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കൊല്‍ക്കത്തയിലെ ന്യൂ ടൗണ്‍ മേഖലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണശാലയുടെ പുറത്ത് ഷൂട്ടിങ്ങിന് എത്തിയതായിരുന്നു സോഹം. അദ്ദേഹത്തിന്റെയും അനുയായികളുടെയും കാറുകള്‍, ഭക്ഷണശാലയ്ക്ക് മുന്‍പില്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഉടമസ്ഥന്‍ അനിസുല്‍ ആലവും സോഹവുമായി തര്‍ക്കമുടലെടുത്തത്.
വാക്കേറ്റത്തിനൊടുവില്‍ സോഹം, അനിസുലിനെ ആക്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് അനിസുലിനെ അദ്ദേഹത്തെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് വലിച്ച് സോഹം പുറത്തേക്ക് കൊണ്ടുപോകുന്നതും കാണാം. സംഭവത്തിന് പിന്നാലെ ഇരുകൂട്ടരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചാന്ദിപുര്‍ എം.എല്‍.എയാണ് സോഹം. സംഭവത്തിന്റെ വീഡിയോ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പങ്കുവെച്ച് രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ബി.ജെ.പി. പശ്ചിമബംഗാള്‍ ഘടകവും രംഗത്തെത്തിയിട്ടുണ്ട്.
