Photo: AP
ഗയാന: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ നവാഗതരായ യുഗാണ്‍ഡയെ 125 റണ്‍സിന് തകര്‍ത്ത് അഫ്ഗാനിസ്താന്‍. 184 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഗാണ്‍ഡയെ 16 ഓവറില്‍ വെറും 58 റണ്‍സിന് അഫ്ഗാന്‍ എറിഞ്ഞിടുകയായിരുന്നു. നാല് ഓവറില്‍ വെറും ഒമ്പത് റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഫസല്‍ഹഖ് ഫറൂഖിയാണ് യുഗാണ്‍ഡയെ തകര്‍ത്തത്. നവീന്‍ ഉള്‍ ഹഖും ക്യാപ്റ്റന്‍ റാഷിദ് ഖാനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. റിസാത് അലി ഷാ (11), റോബിന്‍സണ്‍ ഒബൂയ (14) എന്നിവര്‍ക്ക് മാത്രമാണ് യുഗാണ്‍ഡ ഇന്നിങ്‌സില്‍ രണ്ടക്കം കടക്കാനായത്.
നേരത്തേ റഹ്‌മാനുള്ള ഗുര്‍ബാസ് – ഇബ്രാഹിം സദ്രാന്‍ ഓപ്പണിങ് സഖ്യത്തിന്റെ അര്‍ധ സെഞ്ചുറികളാണ് അഫ്ഗാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തിരുന്നു. 45 പന്തില്‍ നിന്ന് നാലു വീതം സിക്‌സും ഫോറുമടക്കം 76 റണ്‍സെടുത്ത ഗുര്‍ബാസാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. 46 പന്തുകള്‍ നേരിട്ട സദ്രാന്‍ ഒരു സിക്‌സും ഒമ്പത് ഫോറുമടക്കം 70 റണ്‍സെടുത്തു.
എന്നാല്‍ മധ്യനിരയ്ക്ക് മികവിലേക്ക് ഉയരാന്‍ സാധിക്കാതിരുന്നതോടെയാണ് 200-നപ്പുറം പോകേണ്ടിയിരുന്ന അഫ്ഗാന്‍ സ്‌കോര്‍ 183-ല്‍ ഒതുങ്ങിയത്. നജീബുള്ള സദ്രാന്‍ (2), ഗുല്‍ബാദിന്‍ നയ്ബ് (4), അസ്മത്തുള്ള ഒമര്‍സായ് (5) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. മുഹമ്മദ് നബി 14 റണ്‍സുമായി പുറത്താകാതെ നിന്നു. കോസ്മാസ് കിയുത ക്യാപ്റ്റന്‍ ബ്രയാന്‍ മസാബ എന്നിവര്‍ യുഗാണ്‍ഡയ്ക്കായി രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
