നരേന്ദ്ര മോദി

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് പൂർത്തിയാവുകയും എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരികയും ചെയ്ത സാഹചര്യത്തിൽ മൂന്നാം മോദി സർക്കാരിന്റെ പ്രവർത്തനങ്ങൾ തീരുമാനിക്കാൻ പ്രധാനമന്ത്രിയുടെ വസതിയിൽ യോഗം. അടുത്ത 100 ദിവസത്തേക്കുള്ള പ്രവർത്തനങ്ങളായിരിക്കും യോഗത്തിന്റെ അജണ്ട. കൂടാതെ ഉഷ്‌ണതരംഗവും റിമാൽ ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങളുടെ വിലയിരുത്തലും പ്രതിരോധവും യോഗത്തിൽ ചർച്ചയാകും.

ശനിയാഴ്ച പുറത്തുവന്ന എക്സിറ്റ് പോളുകളിൽ മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തുമെന്ന് പ്രവചനം ഉണ്ടായതോടെ പുതിയ സർക്കാർ രൂപീകരിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. വിപുലമായ ചർച്ചയിൽ വരും മാസങ്ങളിലെ മോദിസർക്കാരിന്റെ മുൻഗണനകളും പ്രവർത്തന പദ്ധതികളും രൂപ്പപ്പെടുത്തും. മൂന്നാം മോദി സർക്കാരിന്റെ ആദ്യ 100 ദിവസങ്ങളിൽ എല്ലാ പ്രധാനപ്പെട്ട തീരുമാനങ്ങളും ഉണ്ടാകുമെന്നും 2029 ലെ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന 100 ദിവസത്തേക്ക് കാത്തിരിക്കില്ലെന്നും പ്രധാനമന്ത്രി മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.

അടുത്തിടെയുണ്ടായ ‘റിമാൽ’ ചുഴലിക്കാറ്റിന് ശേഷമുണ്ടായ നഷ്ട്ടങ്ങൾ വിലയിരുത്തുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വേണ്ട പദ്ധതികൾ, ദുരിതബാധിത പ്രദേശങ്ങളുടെ ദീർഘകാല പുനരധിവാസ പദ്ധതികൾ എന്നിവയും യോഗത്തിൽ ചർച്ചചെയ്യും. ഉഷ്‌ണതരംഗവും ചർച്ചയാവും. ജൂൺ 5 നു ലോക പരിസ്ഥിതിദിന ആഘോഷത്തിനുള്ള ഒരുക്കങ്ങൾ അന്തിമമാക്കുന്നതിനുള്ള യോഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാകും.