രശ്മിക മന്ദാന വീഡിയോയിൽ, പ്രതീകാത്മക ചിത്രം | Photo: Screen grab/ X Video: Rashmika Mandanna, AFP

മുംബൈ/തിരുവനന്തപുരം: അടല്‍ സേതുവുമായി ബന്ധപ്പെട്ട് ചലച്ചിത്രതാരം രശ്മിക മന്ദാനയുടെ പരസ്യത്തിന് മറുപടിയുമായി കെ.പി.സി.സിയുടെ എക്‌സ് ഹാന്‍ഡില്‍. ആറുവരിയില്‍ 22 കിലോമീറ്റര്‍ ദൂരത്തിലുള്ള കടല്‍പ്പാലം രണ്ടുമണിക്കൂര്‍ യാത്ര 20 മിനിറ്റായി കുറച്ചുവെന്ന് അവകാശപ്പെട്ടാണ് പരസ്യം. ഇത് രശ്മികയുടെ എക്‌സ് ഹാന്‍ഡിലില്‍ പങ്കുവെച്ചിട്ടുണ്ട്. വികസനത്തിന് വേണ്ടി വോട്ടുചെയ്യൂ എന്ന് ആഹ്വാനംചെയ്ത് അവസാനിക്കുന്ന വീഡിയോയിലെ അവകാശവാദങ്ങളില്‍ കണക്കുകള്‍ സൂചിപ്പിച്ച് വിമര്‍ശനവുമായാണ് കേരളത്തിലെ കോണ്‍ഗ്രസ് എക്‌സ് ഹാന്‍ഡില്‍ രംഗത്തെത്തിയത്.

രാജ്യം നിരവധി പണം നല്‍കിയുള്ള പരസ്യങ്ങളും വാടകപരസ്യങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇ.ഡി. സംവിധാനംചെയ്ത പരസ്യം ആദ്യമായി കാണുകയാണെന്ന് ഐ.എന്‍.സി. കേരള എക്‌സ് ഹാന്‍ഡില്‍ പരിഹസിക്കുന്നു. ‘നന്നായിട്ടുണ്ട്. നിങ്ങള്‍ പങ്കുവെച്ച വീഡിയോയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ രാജീവ് ഗാന്ധി ബാന്ദ്ര- വോര്‍ലി സീ ലിങ്ക് ഉപയോഗിക്കുന്നുണ്ട്. 5.6 കിലോമീറ്റര്‍ ദൂരം വരുന്ന ബാന്ദ്ര- വോര്‍ലി സീ ലിങ്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ 1634 കോടി രൂപ ചെലവിലാണ് നിര്‍മിച്ചത്. 2009-ല്‍ ഉദ്ഘാടനംചെയ്തു. ഇ.ഡി. സംവിധാനംചെയ്ത പരസ്യങ്ങള്‍ അന്ന് കേട്ടിട്ടുണ്ടായിരുന്നില്ല. യാതൊരു ഷോ ഓഫുമില്ലാതെയാണ് ഈ പാലം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. കാറിന് 85 രൂപ നിരക്കില്‍ ടോള്‍ പിരിക്കുന്ന പാലം 2022 മാര്‍ച്ചില്‍ മാത്രം 9.95 കോടി വരുമാനം നേടി’, കുറിപ്പില്‍ പറയുന്നു.

17,840 കോടി രൂപയ്ക്ക് നിര്‍മിച്ച അടല്‍ സേതുവില്‍ ഒരു യാത്രയ്ക്ക് 250 രൂപയാണ് കാറിന് പിരിക്കുന്നത്. ഇത് സാധാരണക്കാര്‍ക്ക് താങ്ങാനാവാത്തതാണ്. ജനുവരി 12-നും ഏപ്രില്‍ 23-നും ഇടയിലുള്ള 102 ദിവസങ്ങള്‍ക്കുള്ളില്‍ 22.57 കോടി രൂപമാത്രമാണ് അടല്‍ സേതു സമാഹരിച്ചത്. ഈ നിരക്കില്‍ പ്രതിമാസ വരുമാനം 6.6 കോടി രൂപമാത്രമായിരിക്കും. അങ്ങനെ വരുമ്പോള്‍ 17,840 കോടി രൂപ വീണ്ടെടുക്കാന്‍ 225 വര്‍ഷമെടുക്കും. ബാന്ദ്ര- വോര്‍ലി സീ ലിങ്കുമായി താരതമ്യംചെയ്യുമ്പോള്‍ 20% പേര്‍ മാത്രമാണ് അടല്‍ സേതു ഉപയോഗിക്കുന്നത്. 30 കോടി രൂപയായിരുന്നു ഉദ്ഘാടനസമയത്ത് പ്രതീക്ഷിത വരുമാനം. എന്നാല്‍, പ്രതിമാസം 23.4 കോടിയുടെ കുറവാണ് ഉള്ളത്. തുടക്കത്തിലെ മുംബൈക്കാരുടെ ആവേശമടക്കമുള്ള കണക്കാണിത്. എന്തുകൊണ്ടാണ് മുംബൈ നിവാസികള്‍ അടല്‍ സേതു ഉപയോഗിക്കാത്തതെന്ന് ഒരു വീഡിയോ ചെയ്യാമോ? അത് കൂടിയ ടോള്‍ നിരക്കുകൊണ്ടാണോയെന്നും രശ്മികയോട് ചോദിക്കുന്നു.

‘വെറുമൊരു കടല്‍പാലമാണ് നിങ്ങള്‍ കാണുന്നതെങ്കില്‍, കണ്ണ് തുറക്കൂ. രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലമാണിത്. ആറുവരിയില്‍ 22 കിലോമീറ്റര്‍ ദൂരം. രണ്ടുമണിക്കൂര്‍ യാത്ര, 20 മിനിറ്റായി കുറച്ചു. അവിശ്വസനീയമല്ലേ? കുറച്ചുകാലംമുമ്പ് ഇത് ചിന്തിക്കാന്‍ പോലും കഴിയില്ല. ഇന്ത്യക്ക് വലുതൊന്നും സ്വപ്‌നം കാണാന്‍ കഴിയില്ല എന്ന് പറയാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഗംഭീരമായ അത്ഭുതം നിര്‍മിച്ചിരിക്കുന്നു. അതും ഏഴ് വര്‍ഷത്തിനുള്ളില്‍. അടല്‍ സേതു കേവലമൊരു പാലമല്ല, ഇത് യുവഭാരതത്തിന്റെ ഗ്യാരന്റിയാണ്. രാജ്യത്തെ ഇപ്പോള്‍ ആര്‍ക്കും പിടിച്ചുകെട്ടാന്‍ സാധ്യമല്ല. ഇതുപോലെ നൂറുകണക്കിന് അടല്‍ സേതുകള്‍ നിര്‍മിക്കാന്‍ പോവുകയാണ്. ഉണരൂ, വികസനത്തിന് വേണ്ടി വോട്ടുചെയ്യൂ’, എന്നായിരുന്നു രശ്മികയുടെ വീഡിയോയിലെ പരാമര്‍ശം.

തെക്കേ ഇന്ത്യയില്‍നിന്ന് വടക്കേ ഇന്ത്യയിലേക്ക്, പടിഞ്ഞാറുനിന്ന് കിഴക്കോട്ട്… ജനങ്ങളെ ബന്ധിപ്പിക്കുന്നു, ഹൃദയങ്ങളെ ബന്ധിപ്പിക്കുന്നു എന്ന തലവാചകത്തോടെയായിരുന്നു രശ്മിക വീഡിയോ പങ്കുവെച്ചത്. ഇത് നരേന്ദ്രമോദി ഷെയര്‍ ചെയ്തിരുന്നു. ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിലും ജീവിതങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കുന്നതിലും വലുതായി സംതൃപ്തി നല്‍കുന്ന മറ്റൊന്നുമില്ലെന്ന് കുറിച്ചായിരുന്നു മോദി ഷെയര്‍ ചെയ്തത്. യുവ പൗരന്‍ എന്ന നിലയില്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കാന്‍ കഴിയുന്നത് അവിശ്വസനീയമായ സംതൃപ്തി നല്‍കുന്നുവെന്ന് രശ്മിക മോദിക്ക് മറുപടി നല്‍കി.