Photo: AP

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡ് താരം കോളിന്‍ മണ്‍റോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ന്യൂസീലന്‍ഡ് ടീമില്‍ ഇടംനേടാന്‍ സാധിക്കാതെ വന്നതിനു പിന്നാലെയാണ് വിരമിക്കല്‍ തീരുമാനം. വെടിക്കെട്ട് ബാറ്റിങ്ങുമായി നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് മണ്‍റോ.

37-കാരനായ താരം കിവീസിനായി 65 ടി20-കളും 57 ഏകദിനങ്ങളും ഒരു ടെസ്റ്റ് മത്സരവും കളിച്ചിട്ടുണ്ട്. 2020-ല്‍ ഇന്ത്യയ്ക്കെതിരായ ടി20 മത്സരത്തിലാണ് അവസാനമായി കളിച്ചത്. 2020 തൊട്ട് ദേശീയ ടീമില്‍ കളിക്കുന്നില്ലെങ്കിലും ടി20 ലോകകപ്പ് കളിക്കാന്‍ താന്‍ തയ്യാറാണെന്ന് മണ്‍റോ അറിയിച്ചിരുന്നു. പക്ഷേ കിവീസ്, താരത്തെ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചില്ല.

വെസ്റ്റിന്‍ഡീസിനെതിരായ ടി20-യില്‍ 2018-ല്‍ 47 പന്തില്‍ സെഞ്ചുറിയടിച്ച് റെക്കോഡിട്ടിരുന്നു. 2016-ല്‍ ശ്രീലങ്കയ്‌ക്കെതിരേ 14 പന്തില്‍ നിന്ന് 50 തികച്ചും റെക്കോഡ് ബുക്കില്‍ ഇടംനേടി. 2014, 2016 ടി20 ലോകകപ്പുകളിലും 2019 ഏകദിന ലോകകപ്പിലും കിവീസ് ടീമില്‍ അംഗമായിരുന്നു മണ്‍റോ.