Photo: Apple

ഏറ്റവും പുതിയ ഐപാഡ് പ്രോയുടെ പരസ്യം ഉദ്ദേശിച്ച ഫലം കൈവരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് സമ്മതിച്ച് ആപ്പിള്‍. ചൊവ്വാഴ്ച ആപ്പിള്‍ മേധാവി ടിം കുക്ക് പങ്കുവെച്ച പരസ്യ വീഡിയോയുടെ പേരിലാണ് ആപ്പിളിന് വലിയ രീതിയില്‍ വിമര്‍ശനം നേരിടേണ്ടി വന്നത്.

സംഗീതം, ശില്‍പകല, ചിത്രകല, ഗെയിമിങ് ഉള്‍പ്പടെ മനുഷ്യന്റെ സര്‍ഗാത്മകത പ്രകടമാകുന്ന എല്ലാം ഒത്തു ചേര്‍ന്നതാണ് പുതിയ ഐപാഡ് പ്രോ എന്ന് കാണിക്കാനാണ് ആപ്പിള്‍ ശ്രമിച്ചത്. ഇതിനായി ഒരു ഹൈഡ്രോളിക് പ്രസ് ഉപയോഗിച്ച് സംഗീത ഉപകരണങ്ങള്‍, പെയിന്റ് പാത്രങ്ങള്‍, 80 കളിലെ ആര്‍ക്കേഡ് വീഡിയോ ഗെയിം ഉപകരണം, ഒരു മനുഷ്യന്റെ മുഖത്തിന്റെ ശില്‍പം എന്നിവയെല്ലാം ചതച്ചെടുക്കുന്നതും ആ ഹൈഡ്രോളിക് പ്രസ്സ് തുറക്കുമ്പോള്‍ ഐപാഡ് പ്രോ പ്രത്യക്ഷമാകുന്നതുമാണ് വീഡിയോയില്‍.

എന്നാല്‍ ഈ വീഡിയോ പരസ്യം മനുഷ്യന്റെ സര്‍ഗാതമകതയുടേയും കലയുടേയും നാശം ആഘോഷമാക്കുകയാണെന്ന് വിമര്‍ശകര്‍ ആരോപിച്ചു.

ആപ്പിളിന്റെ മാര്‍ക്കറ്റിങ് കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റായ ടോര്‍ മിഹ്രെന്‍ ആണ് പരസ്യവുമായി ബന്ധപ്പെട്ട ആരോപണളോട് ക്ഷമാപണം നടത്തിയത്.

ആപ്പിളില്‍ ഞങ്ങളുടെ ഡിഎന്‍എയില്‍ തന്നെ സര്‍ഗാത്മകത നിലകൊള്ളുന്നുണ്ട്. ലോകമെമ്പാടുമുള്ള സര്‍ഗാത്മകതയെ ശാക്തീകരിക്കുന്ന ഉല്പന്നങ്ങള്‍ രൂപകല്‍പന ചെയ്യുന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യമാണ്. ഉപഭോക്താക്കള്‍ക്ക്, സ്വയം പ്രകടമാക്കാനും അവരുടെ ആശയങ്ങള്‍ക്ക് ജീവന്‍ നല്‍കാനും സാധിക്കുന്ന അസംഖ്യം മാര്‍ഗങ്ങള്‍ ആഘോഷിക്കുകയാണ് ഐപാഡിലൂടെ തങ്ങളുടെ ലക്ഷ്യമെന്നും മിഹ്രെന്‍ പറഞ്ഞു.

എന്നാല്‍ ഈ വീഡിയോ ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നും, ക്ഷമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഡ് ഏജ് എന്ന വെബ്‌സൈറ്റിന് നല്‍കിയ പ്രതികരണത്തിലാണ് മിഹ്രെന്‍ ക്ഷമാപണം നടത്തിയത്. ആപ്പിളും ഇതിന് പിന്തുണ നല്‍കി. ക്ഷമാപണം നടത്തിയെങ്കിലും വീഡിയോ പിന്‍വലിച്ചിട്ടില്ല.

ആപ്പിളിന്റെ ഏറ്റവും പുതിയ എം4 ചിപ്പില്‍ പ്രവത്തിക്കുന്ന ടാബ് ലെറ്റ് ആണ് ഐപാഡ് പ്രോ. ഒഎല്‍ഇഡി സ്‌ക്രീനുമായെത്തുന്ന ഐപാഡ് പ്രോ ആപ്പിള്‍ ഇതുവരെ അവതരിപ്പിച്ചതില്‍ ഏറ്റവും കനം കുറഞ്ഞ ഉപകരണമാണ്. 13, 11 ഇഞ്ച് വേരിയന്റുകളുള്ള ഐപാഡ് പ്രോയ്ക്ക് രണ്ട് കളര്‍ ഓപ്ഷനുകളുണ്ട്. ഇതോടൊപ്പം എം2 ചിപ്പിലുള്ള ഐപാഡ് എയറും ആപ്പിള്‍ അവതരിപ്പിച്ചു.