Photo | ANI
മെല്‍ബണ്‍: ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെ മിച്ചല്‍ മാര്‍ഷ് നയിക്കും. മാര്‍ഷിനെ ഓസ്‌ട്രേലിയയുടെ സ്ഥിരം ടി20 നായകനാക്കാനും തീരുമാനിച്ചു. ഓസ്‌ട്രേലിയന്‍ ആഭ്യന്തര മത്സരങ്ങളിലും ഐ.പി.എലിലും മികച്ച പ്രകടനം നടത്തുന്ന ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്ക്, വെറ്ററന്‍ താരം സ്റ്റീവന്‍ സ്മിത്ത് എന്നിവര്‍ ടീമില്‍ ഉള്‍പ്പെട്ടില്ല.
ടീം സ്‌ക്വാഡ്: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ആഷ്ടണ്‍ ആഗര്‍, പാറ്റ് കമിന്‍സ്, ടിം ഡേവിഡ്, നഥാന്‍ എലിസ്, കാമറോണ്‍ ഗ്രീന്‍, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ സ്റ്റാര്‍ക്, മാര്‍കസ് സ്റ്റോയ്‌നിസ്, മാത്യൂ വെയ്ഡ് (വിക്കറ്റ് കീപ്പര്‍), ഡേവിഡ് വാര്‍ണര്‍, ആദം സാംപ.
കമിന്‍സ്, ഹേസല്‍വുഡ്, സ്റ്റാര്‍ക്ക് എന്നിവര്‍ക്കൊപ്പം നാലാമത്തെ ഫാസ്റ്റ് ബൗളിങ് ഒപ്ഷനായിട്ടാണ് നഥാന്‍ എലിസിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ജോഷ് ഇഗ്ലിസിനെ റിസര്‍വ് വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തു. മാത്യൂ വാഡെയാണ് വിക്കറ്റ് കീപ്പര്‍മാരില്‍ ഓസ്‌ട്രേലിയയുടെ ഒന്നാമത്തെ ചോയ്‌സ്. ഐ.പി.എലില്‍ അത്യുജ്ജ്വല പ്രകടനം നടത്തിയ മഗുര്‍ക്കിനെ ടീമിലെടുത്തില്ല. ആറ് ഇന്നിങ്‌സുകളില്‍ 233.33 സ്‌ട്രൈക്ക് റേറ്റില്‍ ആറ് ഇന്നിങ്‌സുകളിലായി മൂന്ന് അര്‍ധ സെഞ്ചുറികളാണ് മഗുര്‍ക്ക് നേടിയത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ലോകകപ്പ് ടീം സ്‌ക്വാഡില്‍ സ്മിത്ത് ഉള്‍പ്പെടാതെ പോകുന്നത് ഇതാദ്യമാണ്.
