Photo: twitter.com/KeralaBlasters
ഭുവനേശ്വര്‍: ഐഎസ്എല്ലില്‍ ഒഡിഷ എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ കളിക്കാനിറങ്ങുമെന്ന് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്. മത്സരത്തിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഒഡിഷയ്‌ക്കെതിരെ പ്ലേ ഓഫ് മത്സരത്തില്‍ ലൂണ കളിക്കാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പരിക്കേറ്റ് ആറു മാസത്തോളം പുറത്തിരുന്ന ലൂണയ്ക്ക് മുഴുവന്‍സമയം കളിക്കാനുള്ള ശാരീരികക്ഷമതയില്ലെന്ന് വുകോമാനോവിച്ച് വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം പകുതിയില്‍ ലൂണയെ പരീക്ഷിക്കാനാണ് സാധ്യത. നീണ്ടകാലത്തെ ഇടവേളയ്‌ക്കൊപ്പം അന്തരീക്ഷ താപനിലയും ലൂണക്ക് വലിയ വെല്ലുവിളിയാകും. കഴിഞ്ഞ രണ്ടാഴ്ചയായി ലൂണ ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്.
അതേസമയം സ്ട്രൈക്കര്‍ ദിമിത്രി ഡിയാമാന്റക്കോസും വിങ് ബാക്ക് പ്രബീര്‍ ദാസും ടീമിലുണ്ടാകില്ല. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച വൈകീട്ട് 7.30-നാണ് ബ്ലാസ്റ്റേഴ്‌സ് – ഒഡിഷ മത്സരം. ജയിക്കുന്ന ടീം സെമിഫൈനലിന് യോഗ്യതനേടും.
