ആലപ്പുഴ : ജില്ലയിൽ ചൂട് 37 ഡിഗ്രി സെൽഷ്യസ് കടന്നു കുതിക്കുന്നു. ഒപ്പം അൾട്രാ വയലറ്റ് സൂചിക 9ലുമെത്തി. ഇതോടെ പകൽ വെയിലേൽക്കുന്നത് അപകടകരമായ സ്ഥിതിയിലെത്തിയെന്നു വിദഗ്ധർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തു തന്നെ കൂടിയ ശരാശരി ചൂട് രേഖപ്പെടുത്തിയ ജില്ല ആലപ്പുഴയാണ്. 37.2 ഡിഗ്രിയാണു ജില്ലയിലെ ശരാശരി താപനില. മറ്റു ജില്ലകളിൽ ചില ഭാഗത്തെങ്കിലും ചൂട് കുറവുണ്ടെങ്കിൽ ആലപ്പുഴയിൽ മുഴുവൻ ഭാഗത്തും കനത്ത ചൂട് രേഖപ്പെടുത്തുന്നുണ്ട്. കുറച്ചു ദിവസങ്ങളായി 36 ഡിഗ്രിയിലധികം ചൂട് അനുഭവപ്പെടുന്നുണ്ട്. ഇതോടെ ശരീരം പുഴുങ്ങുന്നതു പോലെയാണ് അനുഭവപ്പെടുന്നത്.
വെയിലത്തു ജോലി ചെയ്യുന്നവരും കച്ചവടക്കാരും നിർജലീകരണവും നേരിടുന്നുണ്ട്.യുവി സൂചിക മുൻപ് 8ൽ എത്തിയതു കുറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 8, 9 പോയിന്റുകളിൽ തന്നെയാണ്. ഇതോടെ അതീവ ജാഗ്രതാ നിർദേശമുള്ള ഓറഞ്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ചെങ്ങന്നൂരിലാണു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ യുവി പരിശോധനായന്ത്രമുള്ളത്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നതു സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. പകൽ 10 മുതൽ 3 വരെയാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്നതു ഒഴിവാക്കണം.
