കൊച്ചി: തനിക്കെതിരായ ബലാത്സംഗ പരാതികള്‍ക്ക് പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യമാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുറത്തു നിന്നുള്ള ഗൂഢാലോചനയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. തനിക്കെതിരെ പരാതിപ്പെട്ടവര്‍ മുഴുവന്‍ ചാറ്റുകളും പുറത്തുവിടണം. ഒളിച്ചോടില്ലെന്ന് പറഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസുകളെ സധൈര്യം നേരിടുമെന്നും വ്യക്തമാക്കി.

ലൈംഗിക പീഡന പരാതിയില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രതികരണം. തനിക്കെതിരെ ഉളള ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമെന്നും പുറത്തുവരുന്നത് ചാറ്റുകളിലെ ചെറുഭാഗങ്ങള്‍ മാത്രമെന്നും രാഹുല്‍ പറഞ്ഞു. ഇന്നത്തെ ദിവസം വരെ ഏതെങ്കിലുമൊരു സ്ത്രീയെ അവരുടെ അനുവാദമോ താത്പര്യമോ ഇല്ലാതെ ഒരു ഷേക്ക് ഹാന്‍ഡ് പോലും കൊടുത്തിട്ടില്ല. അത്തരം ധാര്‍മികതകള്‍ വച്ച് പുലര്‍ത്തുന്നുണ്ട്.

ഈ കേസുകളുമായി ബന്ധപ്പെട്ട് ജയിലില്‍ പോകില്ലെന്ന് ഉറപ്പിച്ചിരുന്നു. തെറ്റ് ചെയ്തിട്ടില്ല എന്ന് ബോധ്യമുണ്ട്. ജയിലില്‍ കിടത്തിയേ അടങ്ങൂ എന്ന് സര്‍ക്കാര്‍ തീരുമാനിച്ചതിനാലാണ് മൂന്നാമത്തെ പരാതി ഉണ്ടായതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.