കൊച്ചി ∙ ‘കാലം പറഞ്ഞ കഥ’ സിനിമയുടെ റിലീസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ പിതാവ് എച്ച്. അബ്ദുൾ റഹീമാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ വിചാരണ പോലും തുടങ്ങിയിട്ടില്ലാത്ത സാഹചര്യത്തിൽ ഇത്തരമൊരു സിനിമ റിലീസ് ചെയ്യുന്നത് മകന് ന്യായവിചാരണ ലഭിക്കാനുള്ള അവകാശത്തെ ഹനിക്കലാകും, അത് മാധ്യമവിചാരണയ്ക്കും മുൻവിധിക്കും കാരണമാകുമെന്ന് ഹർജിയിൽ പറയുന്നു.

കാലം പറഞ്ഞ കഥ’ ഈ മാസം റിലീസ് ചെയ്യാനിരിക്കെയാണ് പിതാവ് കോടതിയെ സമീപിച്ചിരിക്കുന്നത്. സിനിമയുടെ പ്രഖ്യാപനത്തിനു ശേഷം ഒട്ടേറെ സമൂഹമാധ്യമ പോസ്റ്റുകളാണ് കുറ്റാരോപിതനെ കുറ്റക്കാരനെന്ന രീതിയിൽ ചിത്രീകരിച്ചിരിക്കുന്നത്. സിനിമ ഇപ്പോൾ പുറത്തു വരുന്നത് സാക്ഷികളെ സ്വാധീനിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിചാരണ തീരുന്നതുവരെ സിനിമയ്ക്കും കേസിനെപ്പറ്റിയുള്ള മറ്റു ദൃശ്യ-ശ്രാവ്യ ഉള്ളടക്കങ്ങൾക്കു വിലക്കേർപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.