ന്യൂഡൽഹി: ഞാൻ പറയാനുള്ള വിഷയങ്ങളൊക്കെ പാർട്ടി നേതൃത്തോട് മാത്രമേ പറയുകയുള്ളൂ. അതിന് അവസരം വരുമെന്നതിൽ എനിക്ക് സംശയമില്ല ശശി തരൂർ എംപി. ദുബായിൽനിന്ന് ഡൽഹിയിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂർ. ഇന്ന് ഡൽഹിയിൽ സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന നയരൂപീകരണ യോഗത്തിലും തരൂരിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഈ യോഗത്തിലേക്ക് എത്താത്തത് ക്ഷണം വൈകിയത് കൊണ്ടാണെന്നും തരൂർ വ്യക്തമാക്കി. ‘അവർ എന്നെ ക്ഷണിക്കുന്നത് ഇന്നലെയോ മിനിയാന്നോ ആയിരുന്നു. അപ്പോഴേക്കും നാട്ടിലേക്ക് തിരിക്കാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.’ തരൂർ പറഞ്ഞു.

ദുബായ് യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതൽ പ്രതികരണം നടത്തിയില്ല. തരൂരിന്റെ ദുബായ് യാത്ര സിപിഎമ്മിൽ ചേരുന്നതിനുള്ള ചർച്ചകൾക്ക് വേണ്ടിയാണെന്ന പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ഇത് മാധ്യമ സൃഷ്ടി മാത്രമാണെന്നാണ് തരൂർ പറയുന്നത്.

എന്നാൽ, തരൂരിനെതിരേ നടപടിയെടുക്കാനോ അദ്ദേഹത്തിന് ഏതെങ്കിലും രീതിയിലുള്ള വിലക്കിടാനോ കോൺഗ്രസ് ശ്രമിച്ചിട്ടില്ല. പാർട്ടി നടപടി നേരിട്ട് രക്തസാക്ഷി പരിവേഷം തരൂരിന് ഉണ്ടാക്കേണ്ടതില്ലെന്നതാണ് ഇതിനു കാരണം.