വിദേശശക്തികളുടെ കൂലിക്കാരാണ് രാജ്യത്ത് പ്രതിഷേധിക്കുന്നത്. മഹാന്മാരായ നിരവധി പേരുടെ രക്തത്തില്‍ പിറന്നതാണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍, അത് ഇത്തരത്തിലുള്ള കൂലിക്കാര്‍ക്ക് മുന്നില്‍ അടിയറവ് പറയില്ലെന്നും ദേശീയ ടെലിവിഷന്‍ ചാനലില്‍ ഖമേനി വ്യക്തമാക്കി.
ഇറാന്‍: ഇറാനില്‍ നടന്നുകൊണ്ടിരിക്കുന്ന ഭരണവിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടെ, പ്രതിഷേധക്കാരോട് നഗര കേന്ദ്രങ്ങള്‍ പിടിച്ചെടുക്കാന്‍ ആഹ്വാനം ചെയ്ത് പുറത്താക്കപ്പെട്ട ഇറാന്‍ ഷായുടെ മകന്‍. തെരുവിലിറങ്ങുക മാത്രമല്ല, തങ്ങളുടെ ലക്ഷ്യമെന്നും നഗര കേന്ദ്രങ്ങള്‍ പിടിച്ചെടുക്കുക കൂടിയാണെന്ന്, സമൂഹ മാധ്യമത്തില്‍ കുറിച്ച പോസ്റ്റിലൂടെ റെസ പഹ്‌ലവി പറഞ്ഞു.
ഇന്നും നാളെയും (ജനുവരി 10,11) ശനിയും, ഞായറും വൈകുന്നേരം ആറ് മണി മുതല്‍ പതാകകള്‍, ചിത്രങ്ങള്‍, ദേശീയ ചിഹ്നങ്ങള്‍ എന്നിവയുമായി തെരുവിലിറങ്ങി പൊതുവിടങ്ങള്‍ കൈയ്യേറാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഇനി തെരുവുകളില്‍ ഇറങ്ങുക മാത്രമല്ല ഞങ്ങളുടെ ലക്ഷ്യം, നഗര കേന്ദ്രങ്ങള്‍ കീഴടക്കാനും പ്രതിരോധിക്കാനും തയാറെടുക്കുക എന്നതാണ് ലക്ഷ്യം. നമ്മുടെ ദേശീയ വിപ്ലവം വിജയിക്കുമ്പോള്‍, മഹത്തായ ഇറാന്‍ രാഷ്ട്രത്തില്‍ നിങ്ങളോടൊപ്പം ഉണ്ടായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, മതൃരാജ്യത്തേക്ക് മടങ്ങാന്‍ ഞാന്‍ തയാറെടുക്കുകയാണ്. ആ ദിവസം വളരെ അടുത്തെത്തി കഴിഞ്ഞുവെന്ന് ഞാന്‍ വിശ്വസിക്കുന്നു, റെസ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇറാനില്‍ നടക്കുന്ന പ്രതിഷേധങ്ങളെ അക്രമാസക്തമാക്കുന്നതിന് പിന്നില്‍ അമേരിക്കയാണെന്ന് ഐക്യരാഷ്ട്രസഭ അംബാസഡര്‍ പറഞ്ഞു. ഇറാനില്‍ രാഷ്ട്രീയ മാറ്റം ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവര്‍ തെമ്മാടികളാണെന്ന് ഇറാനിയന്‍ പരമോന്നത നേതാവ് സയ്യിദ് അലി ഹൊസീനി ഖമേനി ആരോപിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി അവര്‍ പ്രവര്‍ത്തിക്കുകയാണെന്നും ഖമേനി കുറ്റപ്പെടുത്തുന്നു.
വിദേശശക്തികളുടെ കൂലിക്കാരാണ് രാജ്യത്ത് പ്രതിഷേധിക്കുന്നത്. മഹാന്മാരായ നിരവധി പേരുടെ രക്തത്തില്‍ പിറന്നതാണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍, അത് ഇത്തരത്തിലുള്ള കൂലിക്കാര്‍ക്ക് മുന്നില്‍ അടിയറവ് പറയില്ലെന്നും ദേശീയ ടെലിവിഷന്‍ ചാനലില്‍ ഖമേനി വ്യക്തമാക്കി.
ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ന്ന് തരിപ്പണമായതിന് പിന്നാലെയാണ് ജെന്‍സികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇറാനില്‍ പണപ്പെരുപ്പം 40 ശതമാനത്തിനും മുകളിലാണ്. ഇറാനിയന്‍ കറന്‍സിയായ റിയാലിന്റെ മൂല്യം ഡോളറിനെതിരെ അനൗദ്യോഗിക വിപണിയില്‍ 14 ലക്ഷത്തിന് മുകളിലെത്തുകയും ചെയ്തു. അമേരിക്കയും യൂറോപ്പും ഏര്‍പ്പെടുത്തിയ ഉപരോധമാണ് ഇറാനെ താഴ്ച്ചയിലേക്ക് എത്തിച്ചത്.
ഇറാന്റെ പ്രധാന വരുമാന സ്രോതസായ എണ്ണയും നിലവില്‍ വില്‍ക്കാന്‍ സാധിക്കുന്നില്ല. കയറ്റുമതിക്ക് പുറമെ ഇറക്കുമതിയും നിലച്ചതോടെ പണപ്പെരുപ്പം കുതിച്ചുയരുകയായിരുന്നു. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുകയും, സാമ്പത്തിക ഞെരുക്കത്തിന്റെ പിടിയില്‍ അമരുകയും ചെയ്തതോടെയാണ് യുവ തലമുറ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പ്രതിഷേധം കടുത്തതോടെ ഖമേനി ഉള്‍പ്പെടെയുള്ളവര്‍ രാജ്യം വിടണമെന്നാണ് ജെന്‍സികളുടെ ആവശ്യം. പരമോന്നത നേതാക്കളുടെ ഉള്‍പ്പെടെ ചിത്രം കത്തിച്ച് എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് പ്രതിഷേധം മുന്നോട്ട് പോകുന്നത്. സ്ത്രീകള്‍ പുകവലിക്കുക, ഖമേനിയുടെ ചിത്രം കത്തിക്കുക ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ രാജ്യത്ത് നടക്കുന്നു.
