ഏറ്റവും പുതിയ ചിത്രം ‘ജനനായക’ന് സെൻസർ ബോർഡ് അനുമതി നിഷേധിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. സെൻസർ ബോർഡ് നടപടിക്കെതിരെ രൂക്ഷവിമർശനവുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ് എംപിയായ ജ്യോതിമണി. 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയിന്റെ അവസാന ചിത്രമായി പുറത്തിറങ്ങാനിരുന്ന ഈ സിനിമയ്ക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) സർട്ടിഫിക്കറ്റ് നൽകാത്തത് തമിഴ് സിനിമാ വ്യവസായത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് കോൺഗ്രസ് എംപി ജ്യോതിമണി ആരോപിച്ചു.
സെൻസർ ബോർഡ് നിലവിൽ നരേന്ദ്ര മോദി സർക്കാരിന്റെ ഒരു ‘രാഷ്ട്രീയ ആയുധം’ ആയി മാറിയിരിക്കുകയാണെന്ന് ജ്യോതിമണി രൂക്ഷമായി വിമർശിച്ചു. ഇഡി (ED), സിബിഐ (CBI), ഇൻകം ടാക്‌സ് വകുപ്പുകളെ പോലെ രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് സെൻസർ ബോർഡിനെയും ഉപയോഗിക്കുന്നത്. സാങ്കേതികവിദ്യ ഇത്രയേറെ വളർന്ന ഈ കാലഘട്ടത്തിൽ സെൻസർ ബോർഡ് എന്നത് കാലഹരണപ്പെട്ട ഒരു സ്ഥാപനമാണെന്നും, ഒരു സിനിമ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ജനങ്ങൾക്ക് വിട്ടുകൊടുക്കണമെന്നും അവർ എക്സിലൂടെ വ്യക്തമാക്കി. ജ്യോതിമണിയുടെ സോഷ്യൽ മീഡിയാ കുറിപ്പ് ഇങ്ങനെ: സെൻസർഷിപ്പ് ബോർഡ് ജനനായകൻ എന്ന സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നിഷേധിച്ചത് ശക്തമായി അപലപിക്കേണ്ടതാണ്. ഇത് തമിഴ് സിനിമാ ഇൻഡസ്ട്രിക്ക് നേരെയുള്ള ആക്രമണമാണ്. നമ്മുടെ രാഷ്ട്രീയ ഭിന്നതകൾ, ഇഷ്ടങ്ങൾ, ഇഷ്ടക്കേടുകൾ എന്നിവയെല്ലാം മാറ്റിനിർത്തി, അഭിപ്രായ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന ഓരോ വ്യക്തിയും ഇതിനെ അപലപിക്കണം. നൂറുകണക്കിന് ആളുകളുടെ കഠിനാധ്വാനം കൊണ്ടും കോടിക്കണക്കിന് രൂപയുടെ നിക്ഷേപം കൊണ്ടും നിർമ്മിക്കപ്പെടുന്നതാണ് ഒരു സിനിമ. ഇത്തരം രീതിയിൽ അതിനെ അടിച്ചമർത്താൻ ശ്രമിക്കുന്നത് സർഗ്ഗാത്മക സ്വാതന്ത്ര്യത്തിന് തികച്ചും വിപരീതമാണ്. രാഷ്ട്രീയ കാരണങ്ങളാൽ അടിച്ചമർത്തുന്നത് അതിനേക്കാളും അപകടകരമാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ, ആദായ നികുതി വകുപ്പ് എന്നിവയ്ക്ക് ശേഷം, സെൻസർഷിപ്പ് ബോർഡ് ഇപ്പോൾ മോദി സർക്കാരിൻ്റെ രാഷ്ട്രീയ ആയുധമായി മാറിയിരിക്കുന്നു. ഇതിൻ്റെ നിശബ്ദ കാഴ്ചക്കാരായിരിക്കാൻ നമുക്ക് കഴിയില്ല. ഞാൻ കുറച്ചുവർഷം സെൻസർഷിപ്പ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. അതിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് എനിക്ക് നന്നായി അറിയാം. എൻ്റെ അഭിപ്രായത്തിൽ, ഈ സാങ്കേതികവിദ്യയുടെ കാലത്ത്, സെൻസർഷിപ്പ് ബോർഡ് കാലഹരണപ്പെട്ട ഒരു സ്ഥാപനമാണ്. ഒരു സിനിമ സ്വീകരിക്കണമോ നിരസിക്കണമോ എന്നത് ജനങ്ങളുടെ കയ്യിലാണ്. നമ്മൾ സിനിമകൾ സെൻസർ ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ, ടിവി, യൂട്യൂബ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ലക്ഷക്കണക്കിന് സെൻസർ ചെയ്യാത്ത വീഡിയോകളും രംഗങ്ങളും പ്രചരിക്കുന്നുണ്ട്. കോടിക്കണക്കിന് ആളുകൾ അവ കാണുന്നു. ഈ സാഹചര്യത്തിൽ, സിനിമകൾ മാത്രം സെൻസർ ചെയ്യുന്നത് മാറ്റമൊന്നും വരുത്തില്ല – ഇതാണ് യാഥാർത്ഥ്യം. സ്ത്രീകളെ അശ്ലീലമായി ചിത്രീകരിക്കുന്നതോ, ഇരട്ട അർത്ഥങ്ങളുള്ള വാക്കുകൾ ഉപയോഗിക്കുന്നതോ സെൻസർഷിപ്പ് മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് തെറ്റാണ്. എന്നിരുന്നാലും, അത്തരം ഘടകങ്ങളില്ലാതെ പുറത്തിറങ്ങുന്ന സിനിമകൾ വളരെ കുറവാണ്. സെൻസർഷിപ്പ് ബോർഡ് ഇത്തരം കാര്യങ്ങളിൽ വളരെ അപൂർവ്വമായി മാത്രമേ ശ്രദ്ധ നൽകാറുള്ളൂ, അവയ്ക്ക് സർട്ടിഫിക്കറ്റ് നിഷേധിക്കാറില്ല – ഇതും ശ്രദ്ധിക്കണം. അതുകൊണ്ട്, സെൻസർഷിപ്പ് ബോർഡിൽ പരിഷ്കരണം അനിവാര്യമാണ്. അതുവരെ, ഒരു രാഷ്ട്രീയ ആയുധമായി അതിനെ ഉപയോഗിക്കുന്നതിനെ നമ്മൾ ശക്തമായി എതിർക്കണം.
വിജയിക്ക് പിന്തുണയുമായി കോൺഗ്രസ് എംപി മാണിക്കം ടാഗോറും രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവിന്റെ കീഴിൽ ഭരണഘടനാപരമായ അഭിപ്രായ സ്വാതന്ത്ര്യം ഭയത്തിലൂടെ ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ആർട്ടിക്കിൾ 19(1)(എ) ഉറപ്പുനൽകുന്ന അവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും സിനിമാ വ്യവസായം ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ് ജനതയെ പ്രധാനമന്ത്രി അപമാനിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തിയും ഇതേ വിഷയത്തിൽ പ്രതികരിച്ചു.
