മോസ്‌കോ: പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വസതിയില്‍ ഡ്രോണാക്രമണം നടത്താന്‍ യുക്രൈന്‍ ശ്രമിച്ചെന്ന ആരോപണം ശക്തമാക്കി റഷ്യ. യുക്രൈനെതിരായ തെളിവുകള്‍ റഷ്യ യുഎസിന് കൈമാറിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യയിലെ ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ വ്യാഴാഴ്ച യുഎസ് മിലിട്ടറി അറ്റാഷെയ്ക്ക് തെളിവുകള്‍ കൈമാറുകയായിരുന്നു. പുടിന്റെ വസതിക്ക് നേരെ യുക്രൈന്‍ നടത്താന്‍ ശ്രമിച്ച ഡ്രോണാക്രമണത്തിന്റെ തെളിവുകളാണ് ഇതെന്നാണ് റഷ്യയുടെ അവകാശവാദം.
റഷ്യയുടെ വടക്കൻ നോവ്ഗൊറോഡ് മേഖലയിലെ പുടിന്റെ വസതിയിൽ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്താൻ യുക്രൈന്‍ ശ്രമിച്ചതായി മോസ്‌കോ നേരത്തെ ആരോപിച്ചിരുന്നു. യുക്രൈനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസുമായി നടത്തുന്ന ചര്‍ച്ചകളില്‍ തങ്ങളുടെ നിലപാട് പുനഃപരിശോധിക്കുമെന്നും റഷ്യ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ റഷ്യ ഉന്നയിച്ച ആരോപണങ്ങള്‍ എതിര്‍ത്ത് യുക്രൈന്‍ രംഗത്തെത്തിയിരുന്നു. റഷ്യയുടെ സായുധ സേനയുടെ ജനറൽ സ്റ്റാഫ് മെയിന്‍ ഡയറക്ടറേറ്റ് തലവനായ അഡ്മിറൽ ഇഗോർ കോസ്റ്റ്യുക്കോവാണ് യുഎസ് അറ്റാഷെയ്ക്ക് യുക്രൈനെതിരായ തെളിവുകള്‍ കൈമാറിയത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ ഡ്രോണുകളുടെ ഭാഗമാണ് കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്.
ഡ്രോണുകളുടെ നാവിഗേഷന്‍ കണ്‍ട്രോളറില്‍ വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ആക്രമണത്തിന്റെ ലക്ഷ്യം നോവ്ഗൊറോഡ് മേഖലയിലെ റഷ്യൻ പ്രസിഡന്റിന്റെ കെട്ടിട സമുച്ചയമാണെന്ന് സ്ഥിരീകരിച്ചതായി കോസ്റ്റ്യുക്കോവ് പറഞ്ഞു.
ഡ്രോൺ ആക്രമണത്തിൽ പുടിനെയോ അദ്ദേഹത്തിന്റെ വസതിയെയോ യുക്രൈന്‍ ലക്ഷ്യമിട്ടിട്ടില്ലെന്ന് യുഎസ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി വാൾ സ്ട്രീറ്റ് ജേണൽ ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ആരോപണങ്ങള്‍ യുക്രൈനും നിഷേധിച്ചിരുന്നു. യുക്രൈനിനും യുഎസിനും ഇടയില്‍ വിള്ളല്‍ വീഴ്ത്താന്‍ ഉദ്ദേശിച്ചുള്ള റഷ്യയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ആരോപണമെന്നായിരുന്നു യുക്രൈന്റെ വാദം. എന്തായാലും റഷ്യ-യുക്രൈന്‍ സമാധാന ശ്രമങ്ങളില്‍ കല്ലുകടിയായിരിക്കുകയാണ് പുതിയ സംഭവവികാസങ്ങള്‍.
