പാലക്കാട്: തനിക്കെതിരായ ലൈം​ഗികാരോപണം വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നതിനിടെ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രം​ഗത്ത്. അയ്യപ്പന്റെ സ്വർണം മോഷ്ടിച്ച കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ എക്സ് എംഎൽഎയ്ക്കെതിരെ സിപിഎം നടപടി എടുത്തോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിക്കുന്നു.പത്മകുമാറിൽ നിന്ന് ദേവസ്വം മന്ത്രിയുടെയോ മുൻ മന്ത്രിയുടെയോ പേര് എസ്‌ഐടിക്ക് കിട്ടിയാൽ മാത്രമേ സിപിഎം പത്മകുമാറിന് എതിരെ നടപടി എടുക്കൂ. അയ്യപ്പന്റെ പൊന്നു കട്ടവർക്ക് ജനം മാപ്പ് തരില്ല’- രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.

  • രാഹുലിന്റെ പോസ്റ്റിന്റെ പൂർണരൂപം

അയ്യപ്പന്റെ പൊന്നു കട്ട കേസിൽ SIT അറസ്റ്റ് ചെയ്ത പത്തമകുമാറിന് എതിരെ CPIM നടപടി എടുത്തോ?
എടുത്തില്ല…നടപടി എടുക്കാത്തതിന്റെ കാരണം അയ്യപ്പന്റെ പൊന്നു കട്ടത് പത്മകുമാർ ഒറ്റയ്ക്കല്ല. പത്മകുമാറിന് എതിരെ നടപടി എടുത്താൽ പത്മകുമാറിന്റെ നാവ് പൊന്തും. ആ നാവ് അനക്കിയാൽ പത്മകുമാർ പാർട്ടിയിലെ ദൈവതുല്യന്റെ പേര് പറയും. പത്മകുമാറിന്റെ ദൈവം ആരാണെന്നും ദേവഗണങ്ങൾ ആരൊക്കെയാണെന്നും പത്തനംതിട്ടക്കാർക്ക് നന്നായിട്ട് അറിയാം. പത്മകുമാറിൽ നിന്ന് ദേവസ്വം മന്ത്രിയുടെയോ മുൻ മന്ത്രിയുടെയോ പേര് SIT ക്ക് കിട്ടിയാൽ മാത്രമേ CPIM പത്മകുമാറിന് എതിരെ നടപടി എടുക്കൂ.

ഇനി പത്മകുമാറിനെ SIT അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് കൊടുക്കാൻ വിജയൻ സേനാ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. അല്ലയോ സേനാംഗങ്ങളെ, SIT ശ്രീ വിജയന്റെ നിയന്ത്രണത്തിൽ അല്ല ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിയന്ത്രണത്തിലാണ്, അതിനാൽ SIT ആഗ്രഹിച്ചാലും ശ്രമിച്ചാലും പത്മകുമാറിന്റെ അറസ്റ്റ് ഒഴിവാക്കാൻ കഴിയില്ല. അല്ലെങ്കിൽ കടകംപള്ളിയേം വാസവനെയും സഹായിക്കുന്ന SIT പത്തമകുമാറിനെയും സഹായിക്കുമായിരുന്നു.
അയ്യപ്പന്റെ പൊന്നു കട്ടവർക്ക് ജനം മാപ്പ് തരില്ല…
സ്വാമി ശരണം