ഇന്ന് വൈകീട്ട് സംസ്ഥാനത്ത് യുവജന പ്രതിഷേധം നടത്താനാണ് ഡിവൈഎഫ്‌ഐയുടെ തീരുമാനം
തിരുവനന്തപുരം: കര്‍ണാടക ഭൂമി കുംഭകോണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി ഡിവൈഎഫ്‌ഐ. ഇന്ന് വൈകീട്ട് സംസ്ഥാനത്തെ 13 ജില്ലകളിലും യുവജന പ്രതിഷേധം നടത്താനാണ് ഡിവൈഎഫ്‌ഐയുടെ തീരുമാനം. തൃശ്ശൂര്‍ ജില്ലയിലെ പ്രതിഷേധം നാളെ നടക്കും. സര്‍ക്കാര്‍ ഭൂമി മറിച്ചുവിറ്റതില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തുക.
1995 ലാണ് രാജീവ് ചന്ദ്രഖേറിനെതിരായ കര്‍ണാടക ഭൂമി കുംഭകോണത്തിന്റെ തുടക്കം. വ്യാവസായിക സംരംഭം തുടങ്ങാനെന്ന പേരില്‍ ഭൂമി ആവശ്യപ്പെട്ടുകൊണ്ട് രാജീവ് ചന്ദ്രശേഖറിന്റെ ബിപിഎല്‍ കമ്പനി, കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ബോര്‍ഡിനെ സമീപിക്കുകയായിരുന്നു. കളര്‍ ടെലവിഷന്‍, ട്യൂബ്, ബാറ്ററി എന്നിവയുടെ നിര്‍മാണമാണ് ലക്ഷ്യമെന്നും ബിപിഎല്‍ വ്യക്തമാക്കിയിരുന്നു. നിരവധി പേര്‍ക്ക് ജോലി കിട്ടുന്നതാണ് സംരംഭമെന്നും ബിപിഎല്‍ അവകാശപ്പെട്ടു. ബിപിഎല്ലിന്റെ വാഗ്ദാനം വിശ്വസിച്ച കെഐഎഡിബി ഭൂമി കൈമാറ്റത്തിന് തയ്യാറായി.
