വയനാട്: തെളിവെടുപ്പിന് എത്തിച്ചപ്പോൾ കൈവിലങ്ങുമായി രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാക്കളായ അച്ഛനും മകനും പിടിയിൽ. പാലോട് വാടകയ്ക്കു താമസിക്കുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശികളായ അയൂബ് ഖാൻ (62), മകൻ സെയ്‌തലവി (20) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാവിലെയാണ് കൊല്ലം കടയ്ക്കലിൽ തെളിവെടുപ്പിനിടെ കൈവിലങ്ങുമായി ഇവർ രക്ഷപ്പെട്ടത്.
തിരുവനന്തപുരം പാലോട് കവർച്ചയുമായി ബന്ധപ്പെട്ടാണ് ഇവരെ സുൽത്താൻ ബത്തേരിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ശേഷം പാലോട് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ പോലീസ് ജീപ്പിൽ നിന്ന് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. കൊല്ലം അഞ്ചൽ കടയ്ക്കൽ റോഡിൽ ചുണ്ടയ്ക്ക് സമീപം എത്തിയപ്പോൾ മൂത്രം ഒഴിക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു. വിലങ്ങ് അഴിക്കുന്നതിനിടെ ഇവർ രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് കിളിമാനൂർ, ചിതറ, കടയ്ക്കൽ സ്റ്റേഷനുകളിലെ പോലീസും പ്രദേശത്തെ നാട്ടുകാരും ചേർന്ന് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. പ്രതികളെ തേടി കോട്ടക്കൽ ജില്ലാ കൃഷി ഫാമിൽ ഡ്രോൺ ഉപയോഗിച്ചും പോലീസ് നായ്ക്കളെ രംഗത്തിറക്കിയും പരിശോധന നടത്തിയിരുന്നു.
തുടർന്നാണ് ഇന്ന് വയനാട് മേപ്പാടിയിലുള്ള ഒരു വാടകവീട്ടിൽ നിന്ന് ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൊട്ടാരക്കര ഷാഡോ പൊലീസ് ആണ് ഇതുമായി ബന്ധപ്പെട്ട രഹസ്യ വിവരം മേപ്പാടി പൊലീസിനെ അറിയിച്ചത്. കൊല്ലത്ത് നിന്ന് രക്ഷപ്പെട്ട ഇവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിൽ കൈവിലങ്ങ് മാറ്റിയതായും വസ്ത്രങ്ങൾ മാറിയതായും കണ്ടെത്തിയിരുന്നു. വയനാട്ടിൽ എത്തുന്നതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന് ഇവരെ ചോദ്യം ചെയ്താൽ മാത്രമേ അറിയാനാകൂ.
