ദുബായ് – ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെതിരെ മത്സരത്തിൽ ബാറ്റിങ്ങിന് അവസരം ലഭിക്കാതിരുന്നതിനു പിന്നാലെ വൈറലായി മലയാളി താരം സഞ്ജു സാംസന്റെ വാക്കുകൾ. മത്സരത്തിനു മുന്നോടിയായി സഞ്ജയ് മഞ്ജരേക്കറുമായി നടത്തിയ സംഭാഷണമാണ് ശ്രദ്ധേയമായത്.
തന്റെ കരിയറിനെ നടൻ മോഹൻലാലുമായി ഉപമിച്ചുകൊണ്ടായിരുന്നു സഞ്ജുവിന്റെ പ്രതികരണം. കരിയറിൽ വ്യത്യസ്ത ‘വേഷങ്ങളുമായി’ പൊരുത്തപ്പെടാൻ മോഹൻലാലിൽനിന്നു പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്ന് സഞ്ജു പറഞ്ഞു. മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചതുമായി ബന്ധപ്പെടുത്തിയായിരുന്നു സഞ്ജുവിന്റെ വാക്കുകൾ. സംഭാഷണം ഇങ്ങനെ: സഞ്ജയ് മഞ്ജരേക്കർ: എളുപ്പമുള്ള ചോദ്യങ്ങൾ മതിയാക്കാം. അവസാനമായി ഒരു ചോദ്യം. താങ്കൾ ട്വന്റി20യിൽ മൂന്നു സെഞ്ചറികൾ നേടി, മൂന്നും ഓപ്പണിങ് സ്‌പോട്ടിലാണ്. അത്രമാത്രം. സഞ്ജു: അതൊരു ചോദ്യമാണോ? ചോദ്യം ചോദിക്കൂ മഞ്ജരേക്കർ: നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായി തോന്നുന്ന ബാറ്റിങ് പൊസിഷൻ ഏതാണ്? സഞ്ജു: അടുത്തിടെ, നമ്മുടെ ലാലേട്ടൻ – മോഹൻലാൽ, കേരളത്തിൽ നിന്നുള്ള സിനിമാ നടൻ, അദ്ദേഹത്തിന് രാജ്യത്ത് നിന്ന് വളരെ വലിയ ഒരു അവാർഡ് ലഭിച്ചു. കഴിഞ്ഞ 30-40 വർഷമായി അദ്ദേഹം സിനിമയിൽ അഭിനയിക്കുന്നു. മഞ്ജരേക്കർ: ഇത് എങ്ങോട്ടാണ് പോകുന്നത്? സഞ്ജു: കഴിഞ്ഞ 10 വർഷമായി ഞാൻ എന്റെ രാജ്യത്തിനുവേണ്ടിയും കളിക്കുന്നു. അതിനാൽ, എനിക്ക് ഒരു നായക വേഷം മാത്രമേ ചെയ്യാൻ കഴിയൂ എന്ന് എനിക്ക് പറയാനാവില്ല. എനിക്ക് ഒരു വില്ലൻ ആകണം, എനിക്ക് ഒരു ജോക്കർ ആകണം. എല്ലാ രീതിയിലും കളിക്കണം. ഓപ്പണറായി ഞാൻ റൺസ് നേടിയിട്ടുണ്ട്, ടോപ്പ് 3യിൽ ഞാൻ മികച്ചവനാണ് എന്നു മാത്രം പറയാനാവില്ല. ഇതും പരീക്ഷിച്ചു നോക്കട്ടെ. എനിക്ക് എന്തുകൊണ്ട് ഒരു നല്ല വില്ലനാകാൻ കഴിയില്ല? മഞ്ജരേക്കർ: ശരി മോഹൻലാൽ, സോറി സഞ്ജു സാംസൺ സഞ്ജു: സഞ്ജു മോഹൻലാൽ സാംസൺ.
