കുവൈത്ത് സിറ്റി: നഴ്സുമാരായ മലയാളി ദമ്പതികളെ കുവൈറ്റിലെ ഫ്ലാറ്റില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജാബിർ ആശുപത്രിയിലെ നഴ്സായ കണ്ണൂർ ശ്രീകണ്ഠപുരം നടുവില്‍ സ്വദേശി സൂരജ് (40), ഡിഫൻസ് ആശുപത്രിയില്‍ നഴ്സായ എറണാകുളം കോലഞ്ചേരി സ്വദേശി ബിൻസി (35) എന്നിവരാണ് മരിച്ചത്. കുടുംബവഴക്കിനിടെ സൂരജ്, ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതായാണ് വിവരം.

കൊലപാതകവുമായി ബന്ധപ്പെട്ട് ഇനിയും വിവരങ്ങള്‍ ലഭിക്കാനുണ്ട്.

ആക്രമം നടത്തുന്നതിന് മുൻപ് സൂരജ്, ഭാര്യയുടെ ചില സുഹൃത്തുക്കളുടെ ഫോണിലേക്ക് അവരുടെ മരണം സൂചിപ്പിക്കുന്ന ചില സന്ദേശങ്ങള്‍ അയച്ചതായി റിപ്പോർട്ടുണ്ട്. തുടർന്ന് സൂരജ്, ബിൻസിയെ കുത്തിക്കൊലപ്പെടുത്തി ജീവനൊടുക്കുകയായിരുന്നു. എന്നാല്‍ ദമ്പതികള്‍ പരസ്പരം കുത്തിക്കൊലപ്പെടുത്തിയെന്നായിരുന്നു ഇന്നലെ പുറത്തുവന്നത്. മലയാളികള്‍ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിലെ ജലീബ് അല്‍ ഷുയൂഖിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

ഇവർ തമ്മില്‍ വഴക്കുണ്ടായതായും ബിൻസി സഹായത്തിനായി നിലവിളിച്ചതായും സമീപവാസികള്‍ പബ്ലിക് പ്രോസിക്യൂഷന് മൊഴി നല്‍കിയിട്ടുണ്ട്.
പൊലീസ് പലതവണ വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല. തുടർന്ന് വാതില്‍ പൊളിച്ച്‌ അകത്തുകടക്കുകയായിരുന്നു. നൈറ്റ് ഡ്യൂട്ടിക്കുശേഷം സൂരജ് മടങ്ങി എത്തിയതിന് പിന്നാലെയാണ് വഴക്കുണ്ടായത്. ഇവർക്കിടയില്‍ ചില പ്രശ്നങ്ങള്‍ ഉളളതായി സംശയം തോന്നിയിട്ടുണ്ടെന്നും സമീപവാസികള്‍ പറയുന്നു.

നാട്ടില്‍ പഠിക്കുന്ന മക്കളെ അവധിയായതിനാല്‍ ദമ്പതികള്‍ കഴിഞ്ഞ മാസം കുവൈറ്റില്‍ കൊണ്ടുവന്നിരുന്നു. മക്കളെ നാട്ടില്‍ എത്തിച്ചതിനു ശേഷം നാല് ദിവസം മുൻപാണ് സൂരജ് തിരികെ കുവൈറ്റില്‍ എത്തിയത്. ദമ്പതികള്‍ ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ തയാറെടുപ്പുകള്‍ പൂർത്തിയാക്കിയിരുന്നതായി നാട്ടിലെ ചില ബന്ധുക്കള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച സൂരജിന്റെ നാട്ടിലേക്ക് ഇരുവരുടെയും മൃതദേഹങ്ങള്‍ എത്തിക്കും. ചൊവ്വാഴ്ച സംസ്കാരം നടത്തും.