സുരേഷ് ഗോപി
തിരുവനന്തപുരം: വേതനവർധനവ് ആവശ്യപ്പെട്ട് ദിവസങ്ങളായി ആശാവർക്കർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ തുടരുന്ന സമരത്തിന് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ്ഗോപി. തിരുവനന്തപുരത്ത് കനത്ത മഴയത്തിരുന്ന് സമരം ചെയ്യേണ്ടി വന്ന ആശാവർക്കർമാർക്ക് കുടയും മഴക്കോട്ടും സുരേഷ് ഗോപി വിതരണം ചെയ്തു.
ആശാവർക്കർമാർക്കെതിരെ ഗൂഢശ്രമങ്ങൾ ഉണ്ടാകാതെ കരുതൽ കണ്ണുകൾ വയ്ക്കണമെന്നും വിഷയം ഡൽഹിയിൽ ഉന്നയിക്കുമന്നും ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായി ചർച്ച ചെയ്യുമെന്നും മാധ്യമപ്രവർത്തകർ ചോദ്യങ്ങൾക്ക് മറുപടിയായി സുരേഷ് ഗോപി പറഞ്ഞു.
സെക്രട്ടറിയേറ്റിന് മുന്നിൽ രാപകൽ സമരം നടത്തുന്ന ആശാവർക്കർമാർ മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ ഇന്ന് പൊലീസ് അഴിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ മഴ പെയ്തപ്പോഴാണ് പൊലീസിന്റെ നടപടി. ടാർപോളിൻ കെട്ടി അതിന്റെ താഴെ പായ വിരിച്ചായിരുന്നു സമരരംഗത്തുള്ള ആശാവർക്കർമാർ ഉറങ്ങിയിരുന്നത്. ഇവരെ വിളിച്ചുണർത്തിയാണ് ടാർപോളിൻ അഴിച്ചുമാറ്റിച്ചത്.
