പിടിയിലായ റാഫി

മലപ്പുറം : കൂട്ടിലങ്ങാടിയില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ച് നിര്‍ത്താതെപോയ കാറും ഒളിവിലായിരുന്ന ഡ്രൈവറും മൂന്നുമാസത്തിനുശേഷം പിടിയില്‍. മഞ്ചേരി വട്ടപ്പാറ തോന്നൊടുവില്‍ കിഴക്കുംപറമ്പില്‍ വീട്ടില്‍ റാഫി (29) യാണ് പിടിയിലായത്. അപകടത്തില്‍ കൂട്ടിലങ്ങാടി സ്വദേശി സുനീറിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

2024 ഒക്ടോബര്‍ 18-ന് രാത്രി 1.15-ന് കൂട്ടിലങ്ങാടി മെരുവിന്‍കുന്നിലാണ് അപകടമുണ്ടായത്. കരിപ്പൂരില്‍നിന്ന് വാഴക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറുമായി മുണ്ടുപറമ്പ്-പനമ്പറ്റ പാലം-പടിഞ്ഞാറ്റുംമുറി ഭാഗത്തുകൂടി അതിവേഗതയില്‍ ഓടിച്ചുവരികയായിരുന്നു റാഫി.

സുനീര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചശേഷം കാര്‍ നിര്‍ത്താതെ പുഴയോരം റോഡ്-കൂട്ടിലങ്ങാടി-മക്കരപ്പറമ്പ് വഴി കടന്നുകളഞ്ഞു. അതുവഴിവന്ന നാട്ടുകാരനാണ് സുനീറിനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ മലപ്പുറം പോലീസ് രജിസ്റ്റര്‍ചെയ്ത കേസിന്റെ ഭാഗമായി നിരവധി സി.സി.ടി.വി. ദൃശ്യങ്ങളും സംസ്ഥാനത്തെ വിവിധ ആര്‍.ടി. ഓഫീസുകളില്‍ രജിസ്റ്റര്‍ചെയ്ത ആയിരത്തോളം കാറുകളുടെ വിവരങ്ങളും ശേഖരിച്ചിരുന്നു. സാധ്യമായ മറ്റ് മാര്‍ഗങ്ങളിലൂടെയും പരിശോധന നടത്തിയെങ്കിലും കേസില്‍ തുമ്പുണ്ടായില്ല. രണ്ടുമാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാതായതോടെ കുടുംബം ജില്ലാ പോലീസ് മേധാവിക്ക് പരാതിനല്‍കി. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡിവൈ.എസ്.പി. സാജു. കെ. എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചു.

ഈ സംഘം ഫോണ്‍വിളി വിവരങ്ങളും സാമൂഹികമാധ്യമ അക്കൗണ്ടുകളുമടക്കം ശേഖരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെയും കാറും കണ്ടെത്തിയത്. വാഴക്കാട്ടുനിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി. സാജു. കെ. എബ്രഹാം, എസ്.ഐ.മാരായ കെ. ജയരാജന്‍, എ.കെ. സജീവ്, പ്രത്യേക അന്വേഷണസംഘത്തിലെ അംഗങ്ങളായ പി. വിജയന്‍, എന്‍.എം. അബ്ദുല്ല ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെയും കാറും പിടികൂടിയത്.