ഇ.എ.സുകു, പി.വി.അൻവർ

നിലമ്പൂർ : പി.വി.അൻവറിന്റെ അറസ്റ്റിൽ യു.ഡി.എഫ് ഉൾപ്പടെയുള്ള ജനാധിപത്യപാർട്ടികളുടെ പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് അൻവറിന്റെ സഹപ്രവർത്തകനും സി.പി.എം മുൻ ലോക്കൽ സെക്രട്ടറിയുമായ ഇ.എ.സുകു. അറസ്റ്റ് ചെയ്തവരിൽ പഞ്ചായത്ത് വൈസ് പ്രഡിഡന്റിന്റെ ഭർത്താവും ഉൾപ്പെട്ടതിനാൽ പ്രാദേശിക ഭരണത്തിൽ ഇതിന്റെ പ്രതിഫലനം കാണുമെന്നും സുകു പറഞ്ഞു.

പി.വി.അൻവറിന്റെ അറസ്റ്റ് പ്രതീക്ഷിച്ചിട്ടില്ലെന്ന് ഇ.എ.സുകു പറഞ്ഞു. കൊള്ളക്കാരനെ അറസ്റ്റ് ചെയ്യുന്നത് പോലെയാണ് കഴിഞ്ഞദിവസം അൻവറിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. ആഭ്യന്തരവകുപ്പ് കേരളത്തിൽ ഭീകരാവസ്ഥ സൃഷ്ടിക്കുകയാണ്. അൻവർ ഉന്നയിച്ച കാര്യങ്ങളിൽ ശരികേട് ഉണ്ടെന്ന് ആരും പറയില്ല. ഭരണകൂടത്തിന്റെ ഭീകരവാഴ്ച പ്രതിരോധിക്കേണ്ടത് പ്രതിപക്ഷമാണ്. അതിൽ പ്രതിപക്ഷത്തിന്റെ നിലപാട് കാത്തിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

ജാമ്യത്തിൽ ഇറക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതിന് ശേഷം പ്രതിഷേധം ഉൾപ്പെടെയുളള പരിപാടികളിലേക്ക് കടക്കുമെന്നും ഇ.എ. സുകു വ്യക്തമാക്കി.