പ്രതീകാത്മക ചിത്രം

ഭോപാല്‍ : കൂട്ടബലാത്സംഗത്തിനിരയായ 11-ാംക്ലാസ് വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലാണ് സംഭവം. സഹപാഠികളായ നാലുവിദ്യാര്‍ഥികളാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതെന്നാണ് പരാതി. ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതികള്‍ പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായതെന്നാണ് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. സ്‌കൂള്‍ വിട്ടതിന് ശേഷം സഹപാഠികളായ നാലുവിദ്യാര്‍ഥികള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോവുകയും ഓരോരുത്തരും കുട്ടിയെ മാറിമാറി പീഡിപ്പിക്കുകയുമായിരുന്നു. അതിക്രമത്തിന്റെ ദൃശ്യങ്ങളും വിദ്യാര്‍ഥികള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി.

ചൊവ്വാഴ്ച അമ്മയോടാണ് അതിക്രമത്തെക്കുറിച്ച് പെണ്‍കുട്ടി ആദ്യം വെളിപ്പെടുത്തിയത്. എന്നാല്‍, വീട്ടുകാര്‍ അന്ന് സംഭവം പോലീസില്‍ അറിയിച്ചില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പെണ്‍കുട്ടി പതിവുപോലെ സ്‌കൂളില്‍ പോവുകയും ചെയ്തു. എന്നാല്‍, വ്യാഴാഴ്ച ക്ലാസിലെത്തിയ പെണ്‍കുട്ടിയെ പ്രതികളായ സഹപാഠികള്‍ ബലാത്സംഗദൃശ്യങ്ങള്‍ കാണിച്ച് വീണ്ടും ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. എന്നാല്‍, പെണ്‍കുട്ടി ഇതേക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. തുടര്‍ന്ന് വെള്ളിയാഴ്ച ക്ലാസില്‍ പോകാതിരുന്ന പെണ്‍കുട്ടി വീട്ടിനുള്ളില്‍ ജീവനൊടുക്കുകയായിരുന്നു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ സഹപാഠികളായ നാലുപേര്‍ക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക).