യോഗി ആദിത്യനാഥ്

ലഖ്‌നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ വധഭീഷണി. പത്ത് ദിവസത്തിനകം മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഇറങ്ങിയില്ലെങ്കില്‍ എന്‍.സി.പി നേതാവ് ബാബ സിദ്ദിഖിയുടെ അവസ്ഥയുണ്ടാകുമെന്നായിരുന്നു ഭീഷണി. മുംബൈ ട്രാഫിക് പോലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്.

എന്‍.സി.പി(അജിത് പവാര്‍) വിഭാഗം നേതാവും മുന്‍ മന്ത്രിയുമായ ബാബ സിദ്ദിഖി കഴിഞ്ഞ ഒക്ടോബര്‍ 12-ന് ആയിരുന്നു വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇതിന്റെ ഉത്തരവാദിത്വം ലോറന്‍സ് ബിഷ്‌ണോയിയുടെ ഗുണ്ടാ സംഘം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിനെതിരേയും വധഭീഷണി വന്നത്.

മുംബൈ പോലീസിന്റെ വാട്‌സ്ആപ്പ് ഹെല്‍പ്പ് ലൈനിലേക്കാണ് കഴിഞ്ഞ ദിവസം വൈകുന്നേരം അജ്ഞാത നമ്പറില്‍ നിന്ന് ഭീഷണി സന്ദേശം വന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സന്ദേശമയച്ച ഫോണ്‍ നമ്പര്‍ കണ്ടെത്താനള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.