Photo: AP
നോര്‍ത്ത് കരോലിന (യുഎസ്എ): കോപ്പ അമേരിക്ക ഫുട്‌ബോളില്‍ യുറഗ്വായ്ക്ക് മൂന്നാം സ്ഥാനത്തോടെ മടക്കം. ഞായറാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ കാനഡയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് യുറഗ്വായ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇന്‍ജുറി ടൈമില്‍ സമനില ഗോള്‍ നേടിയ ലൂയിസ് സുവാരസിന്റെ മികവാണ് മത്സരം ഷൂട്ടൗട്ടിലെത്തിച്ചത്.
ഷൂട്ടൗട്ടില്‍ യുറഗ്വായ്ക്കായി ഫെഡെറിക്കോ വാല്‍വെര്‍ദെ, റോഡ്രിഗോ ബെന്റാന്‍കര്‍, ജോര്‍ജിയന്‍ അരാസ്‌ക്കെറ്റ, സുവാരസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കാനഡയുടെ ഇസ്മായില്‍ കോനെയുടെ ഷോട്ട് യുറഗ്വായ് ഗോള്‍കീപ്പര്‍ സെര്‍ജിയോ റോച്ചെറ്റ് രക്ഷപ്പെടുത്തി. അഞ്ചാം കിക്കെടുത്ത അല്‍ഫോണ്‍സോ ഡേവിസിന്റെ ഷോട്ട് ക്രോസ്ബാറിലിടിച്ചതോടെ യുറഗ്വായ്ക്ക് ജയം. ജൊനാതന്‍ ഡേവിഡ്, മോയ്‌സ് ബോംബിറ്റോ, മത്തിയു കോയിനിറെ എന്നിവരാണ് കാനഡയ്ക്കായി കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചത്.
നേരത്തേ എട്ടാം മിനിറ്റില്‍ തന്നെ റോഡ്രിഗോ ബെന്റാന്‍കറിലൂടെ മൂന്നിലെത്തിയ യുറഗ്വായ്‌ക്കെതിരേ ശക്തമായി തിരിച്ചുവരവ് നടത്തിയ കാനഡ 22-ാം മിനിറ്റില്‍ കോനെയും 80-ാം മിനിറ്റില്‍ ജൊനാതന്‍ ഡേവിഡും നേടിയ ഗോളുകളില്‍ ലീഡെടുത്തു. കാനഡ വിജയം ഉറപ്പിച്ചിരിക്കെ ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തിയ സുവാരസ് മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടുകയായിരുന്നു.
