ഇമ്രാൻ ഖാനെ മോചിപ്പിക്കുക എന്ന സന്ദേശമെഴുതിയ ബാനർ ഉയർത്തിയ വിമാനം; Photo:AP

ന്യൂയോര്‍ക്ക്: മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബാനറുമായി ലോകകപ്പ് സ്റ്റേഡിയത്തിന് മുകളിലൂടെ വിമാനം പറന്നു. ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനിടയിലാണ് സംഭവം. മത്സരം നടക്കുന്ന നാസോ കൗണ്ടി സ്‌റ്റേഡിയത്തിന് മുകളിലൂടെയാണ് വിമാനം പറന്നുയര്‍ന്നത്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ലോകകപ്പ് പോരാട്ടത്തിനിടയ്ക്കാണ് വിമാനം പറന്നത്. ഇമ്രാന്‍ ഖാനെ മോചിപ്പിക്കുക എന്ന സന്ദേശമെഴുതിയ ബാനര്‍ ഉയര്‍ത്തിയാണ് വിമാനം സഞ്ചരിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തിന്റെ പിന്നില്‍ ആരാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്‌രീക് ഇ-ഇന്‍സാഫ് (പിടിഐ)സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

നേരത്തേ സൈഫര്‍ കേസില്‍ ഇമ്രാന്‍ ഖാനും മുന്‍ വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ് ഖുറൈഷിയ്ക്കും പത്ത് വര്‍ഷം ജയില്‍ശിക്ഷ വിധിച്ചിരുന്നു. പാക് പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് 2022 ല്‍ മാര്‍ച്ചില്‍ യു.എസ് എംബസി അയച്ച രഹസ്യ നയതന്ത്ര കേബിള്‍ വെളിപ്പെടുത്തി ഔദ്യോഗികരഹസ്യ നിയമം ലംഘിച്ച കുറ്റത്തിനാണ്‌ ശിക്ഷ വിധിച്ചത്‌.