Screengrab | x.com/Castillo__Rm

റിയാദ്: സൗദി പ്രോ ലീഗ് ഫുട്‌ബോളില്‍ കിങ്‌സ് കപ്പ് ചാമ്പ്യന്മാരായി അല്‍ ഹിലാല്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിനെ തോല്‍പ്പിച്ചാണ് കിരീടം ചൂടിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അല്‍ നസറിന് അടിപതറി. നിശ്ചിത സമയത്തും അധികസമയത്തും 1-1 സമനിലയില്‍ നിന്ന മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് പോയതോടെ ഫലം അല്‍ ഹിലാലിന് അനുകൂലമായി (5-4). അല്‍ ഹിലാലിന്റെ 19-ാം കിരീടമാണിത്.

ഏഴാം മിനിറ്റില്‍ സെര്‍ബിയന്‍ മുന്നേറ്റ താരം അലക്‌സാണ്ടര്‍ മിത്രോവിക് അല്‍ ഹിലാലിനായി ആദ്യ ഗോള്‍ നേടി. 88-ാം മിനിറ്റില്‍ അയ്മന്‍ യഹ്‌യ തിരിച്ചടിച്ചതോടെ നിശ്ചിത സമയത്തില്‍ മത്സരം സമനിലയിലായി. അതിനിടെ 56-ാം മിനിറ്റില്‍ അല്‍ നസര്‍ ഗോള്‍ക്കീപ്പര്‍ ഡേവിഡ് ഒസ്പിനയ്ക്ക് ചുവപ്പുകാര്‍ഡ് ലഭിച്ചത് തിരിച്ചടിയായി. 90 മിനിറ്റ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് അല്‍ ഹിലാലിനും കിട്ടി തിരിച്ചടി. സെന്റര്‍ ബാക്ക് താരങ്ങളായ കലിഡോ കൗലിബാലി, അലി അല്‍ ബുലെയ്ഹി എന്നിവര്‍ക്കും ചുവപ്പ് കാര്‍ഡ് ലഭിച്ചു. ഇതോടെ അല്‍ നസറില്‍ പത്തും അല്‍ ഹിലാലില്‍ ഒന്‍പതും പേരായി ചുരുങ്ങി.

ഇത് അധികസമയത്ത് അല്‍ നസറിന് കിട്ടിയ സുവര്‍ണാവസരമായി. പക്ഷേ, അല്‍ ഹിലാല്‍ ഗോള്‍ക്കീപ്പര്‍ യാസീന്‍ ബൊനോയുടെ ചെറുത്തുനില്‍പ്പിനു മുന്നില്‍ അല്‍ നസര്‍ താരങ്ങള്‍ക്ക് ഒന്നും ചെയ്യാനായില്ല. തുടര്‍ന്ന് ഷൂട്ടൗട്ടില്‍ രണ്ട് പെനാല്‍റ്റികള്‍ തടുത്തും ബൊനോ മികവുകാട്ടിയതോടെ അല്‍ നസറിന് തോല്‍വിയേറ്റുവാങ്ങേണ്ടിവന്നു. പരിക്ക് കാരണം നെയ്മര്‍ ഇല്ലാതെയാണ് അല്‍ ഹിലാല്‍ കിരീടം ചൂടിയത്.

കരച്ചിലടക്കാനാവാതെ ക്രിസ്റ്റ്യാനോ

കിരീടം കൈവിട്ടതിനു പിന്നാലെ കരച്ചിലടക്കാനാവാതെ പാടുപെടുന്ന ക്രിസ്റ്റ്യാനോയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ക്രിസ്റ്റിയാനോ ടീമിലുണ്ടായിട്ടും ഒരു ട്രോഫി പോലും നേടാനാവാതെയാണ് അല്‍ നസര്‍ സീസണ്‍ അവസാനിപ്പിച്ചത്. ആദ്യപകുതിക്കുശേഷം ക്രിസ്റ്റ്യാനോ തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്കിലൂടെ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ് സൈഡായതിനാല്‍ ഗോള്‍ അനുവദിച്ചില്ല.

വ്യക്തിപരമായി ക്രിസ്റ്റ്യാനോയ്ക്ക് ഏറെ നേട്ടങ്ങളുള്ള സീസണാണ് കഴിഞ്ഞുപോയതെങ്കിലും ടീം എന്ന നിലയില്‍ അല്‍ നസറിന് ആശ്വാസമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ല. ഇതില്‍ ദുഃഖിതനായിട്ടായിരിക്കണം മത്സരശേഷം കരഞ്ഞത്. സൗദി പ്രോ ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മാറിയത് ഇത്തവണയാണ്. 35 ഗോളുകളാണ് നേടിയത്. 2019-ല്‍ അബ്ദറസാഖ് ഹംദള്ള നേടിയ റെക്കോഡാണ് (34 ഗോളുകള്‍) ക്രിസ്റ്റിയാനോ മറികടന്നത്. 14 പോയിന്റുമായി ലീഗില്‍ രണ്ടാമതാണ് അല്‍ നസര്‍. അതിനിടെ അടുത്ത സീസണിലും ക്രിസ്റ്റിയാനോ അല്‍ നസറില്‍ത്തന്നെ തുടരുമെന്ന് സി.ഇ.ഒ. ജിഡോ ഫിയെങ്ക അറിയിച്ചു.