Photo: PTI
വിശാഖപട്ടണം: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉയര്‍ത്തിയ റെക്കോഡ് വിജയലക്ഷ്യത്തിലേക്ക് കാര്യമായ പോരാട്ടം കാഴ്ചവെയ്ക്കാനാകാതെ കീഴടങ്ങി ഡല്‍ഹി. 106 റണ്‍സിനായിരുന്നു തോല്‍വി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത, ഡല്‍ഹിക്ക് മുന്നില്‍വെച്ചത് 273 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യം. മറുപടിയായി ഡല്‍ഹിയുടെ പോരാട്ടം 17.2 ഓവറില്‍ 166 റണ്‍സില്‍ അവസാനിച്ചു. ജയത്തോടെ മൂന്ന് കളികളില്‍ നിന്ന് ആറു പോയന്റുമായി കൊല്‍ക്കത്ത ഒന്നാം സ്ഥാനത്തെത്തി.
ഡല്‍ഹി നിരയില്‍ ക്യാപ്റ്റന്‍ ഋഷഭ് പന്തും ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സും മാത്രമാണ് ലക്ഷ്യത്തിലേക്ക് പൊരുതിനോക്കുകയെങ്കിലും ചെയ്തത്. 25 പന്തില്‍ നിന്ന് അഞ്ച് സിക്‌സും നാല് ഫോറുമടക്കം 55 റണ്‍സെടുത്ത പന്താണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 32 പന്തുകള്‍ നേരിട്ട സ്റ്റബ്ബ്‌സ് നാല് വീതം സിക്സും ഫോറുമടക്കം 54 റണ്‍സെടുത്തു.
ഡേവിഡ് വാര്‍ണര്‍ (18), പൃഥ്വി ഷാ (10), മിച്ചല്‍ മാര്‍ഷ് (0), അഭിഷേക് പോറെല്‍ (0), അക്ഷര്‍ പട്ടേല്‍ (0) എന്നിവരെല്ലാം പൂര്‍ണ പരാജയമായി.
ബാറ്റര്‍മാര്‍ക്ക് പിന്നാലെ പന്തെടുത്തവരും കൊല്‍ക്കത്തയ്ക്കായി തിളങ്ങി. വൈഭവ് അറോറയും വരുണ്‍ ചക്രവര്‍ത്തിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആദ്യ മത്സരങ്ങളില്‍ ഏറെ പഴികേട്ട മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടു വിക്കറ്റെടുത്തു.
നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത സുനില്‍ നരെയ്ന്‍, യുവതാരം ആംഗ്രിഷ് രഘുവംശി, ആന്ദ്രേ റസ്സല്‍, റിങ്കു സിങ് എന്നിവരുടെ ബാറ്റിങ് വെടിക്കെട്ടോടെ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തിരുന്നു. ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടലാണിത്.
ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്കായി ഫിലിപ്പ് സാള്‍ട്ട് – നരെയ്ന്‍ ഓപ്പണിങ് സഖ്യം വെടിക്കെട്ട് തുടക്കമാണ് സമ്മാനിച്ചത്. 27 പന്തില്‍ നിന്ന് ഇരുവരും 60 റണ്‍സ് ചേര്‍ത്തു. 12 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 18 റണ്‍സെടുത്ത സാള്‍ട്ടിനെ മടക്കി ആന്റിച്ച് നോര്‍ക്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ നരെയ്നൊപ്പം യുവതാരം ആംഗ്രിഷ് രഘുവംശിയെത്തിയതോടെ കൊല്‍ക്കത്തന്‍ സ്‌കോര്‍ റോക്കറ്റ് കണക്കെ കുതിച്ചു. നരെയ്നായിരുന്നു കൂടുതല്‍ അപകടകാരി. രഘുവംശി 27 പന്തില്‍ നിന്ന് മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 54 റണ്‍സെടുത്തു. നരെയ്ന്‍ 39 പന്തുകള്‍ നേരിട്ട് ഏഴു വീതം സിക്സും ഫോറുമടക്കം 85 റണ്‍സെടുത്ത് പുറത്തായി. നരെയ്നാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ടി20-യില്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. 104 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.
തുടര്‍ന്നെത്തിയ റസ്സലും മോശമാക്കിയില്ല. 19 പന്തില്‍ നിന്ന് മൂന്ന് സിക്സും നാല് ഫോറും ഉള്‍പ്പെടെ 41 റണ്‍സ്. നോര്‍ക്യ എറിഞ്ഞ 19-ാം ഓവറില്‍ 25 റണ്‍സടിച്ച് റിങ്കു സിങ്ങും ഈ വെടിക്കെട്ടില്‍ പങ്കാളിയായി. എട്ടു പന്തില്‍ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 26 റണ്‍സായിരുന്നു റിങ്കുവിന്റെ സമ്പാദ്യം. ഒരു ഘട്ടത്തില്‍ സണ്‍റൈസേഴ്സ് നേടിയ 277 റണ്‍സ് കൊല്‍ക്കത്ത മറികടക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറില്‍ കണിശതയോടെ പന്തെറിഞ്ഞ ഇഷാന്ത് ശര്‍മ അവരെ 272-ല്‍ പിടിച്ചുനിര്‍ത്തി.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 18 റണ്‍സെടുത്തു. ഡല്‍ഹിക്കായി നോര്‍ക്യ മൂന്നും ഇഷാന്ത് ശര്‍മ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
