റോബോട്ടിക് ആന ശ്രീ ശിവശങ്കര ഹരിഹരൻ. ചിത്രം∙സ്‌പെഷൽ അറേഞ്ച്‌മെന്റ്
കൊച്ചി ∙ ആനകൾ വാർത്തകളിൽ നിറയുന്ന സമയമാണ്. നാട്ടിലിറങ്ങുന്ന കാട്ടാനകളും ഇടയുന്ന നാട്ടാനകളും പലപ്പോഴും തലവേദനയാകാറുണ്ട്. ഈ സംഭവങ്ങൾ കൂടി വന്നതോടെ, ക്ഷേത്രോത്സവങ്ങൾക്കായി ‘ഇരിഞ്ഞാടപ്പിള്ളി രാമൻ’ എന്ന റോബട്ടിക് ആനയെ രംഗത്തിറക്കിയിരുന്നു തൃശൂർ കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രോത്സവ സമിതി. ഇപ്പോഴിതാ ഇരിഞ്ഞാടപ്പിള്ളി രാമന് ഒരു പിൻഗാമിയുമെത്തിയിരിക്കുന്നു, ‘ശ്രീ ശിവശങ്കര ഹരിഹരൻ’. തമിഴ്നാട്–കേരള അതിർത്തിയിൽ ഗൂഡല്ലൂരിലെ ദേവർഷോല എന്ന സ്ഥലത്ത് മലയാളികൾ നേതൃത്വം നൽകുന്ന ശ്രീ ശങ്കരൻ കോവിലിൽ ശ്രീ ശിവശങ്കര ഹരിഹരൻ എന്ന റോബട്ടിക് ആനയെ നാളെ ‘എഴുന്നെള്ളിക്കും’.
വംശനാശ ഭീഷണി നേരിടുന്ന എഷ്യൻ ആനകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ‘വോയ്സസ് ഫോർ ഏഷ്യൻ എലിഫെന്റ്സ്’ എന്ന സന്നദ്ധസംഘടനയാണ് ആനയെ ക്ഷേത്രത്തിന് സംഭാവന ചെയ്തത്. ജീവനുള്ള ആനകളുടെ അതേ രൂപഭാവവും ഗാംഭീര്യവും. 10 അടി 2 ഇഞ്ച് പൊക്കവും 700 കിലോഗ്രാം ഭാരവുമുള്ള ആനയുടെ ചെവിയും തുമ്പിക്കൈയുമൊക്കെ സദാ അനങ്ങിക്കൊണ്ടിരിക്കും. മുകളിൽ ആളുകൾക്ക് കയറിയിരിക്കാം. ചാലക്കുടി കേന്ദ്രമായ ‘ഫോർ ഹി–ആർട്ട്’ എന്ന സ്ഥാപനമാണ് ഇരിഞ്ഞാടപ്പിള്ളി രാമന്റെയും ശ്രീശിവങ്കര ഹരിഹരന്റെയും നിര്‍മാതാക്കൾ. പത്തു മാസത്തോളമെടുത്ത് 9 ലക്ഷത്തോളം രൂപ ചെലവിലാണ് ഇത് നിർമിച്ചതെന്ന് ശ്രീ ശങ്കരൻ കോവിൽ ട്രഷറർ സുധീർ കുമാർ പറഞ്ഞു.
ക്ഷേത്രം മുതുമലയ്ക്ക് അടുത്ത് ആയതിനാൽ ആനകളുടെ ആക്രമണം നിരന്തരം ഉണ്ടാകാറുമുണ്ട്. ഈ സാഹചര്യത്തിൽ, ഉല്‍സവത്തിന് ആനയെ െകാണ്ടുവരാറുണ്ടെങ്കിലും പലപ്പോഴും വനംവകുപ്പ് അനുവദിക്കാറില്ലെന്ന് സുധീർ കുമാർ പറഞ്ഞു. അങ്ങനെയിരിക്കെയാണ് വോയ്സ് ഓഫ് ഏഷ്യൻ എലഫന്റ്സ് സ്ഥാപകയായ സംഗീത അയ്യർ റോബട്ടിക് ആനയെ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. റോബട്ടിക് ആനയെക്കുറിച്ച് മറ്റു ക്ഷേത്രങ്ങളിൽ നിന്നും അന്വേഷണം വരുന്നുണ്ടെന്ന് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംഗീത അയ്യർ പറഞ്ഞു. വയനാട്, പാലക്കാട് എന്നിവിടങ്ങളിലെ ചില ക്ഷേത്രങ്ങളിലേക്കും ഇത്തരം ആനകളെ കൈമാറുമെന്നും അവർ പറഞ്ഞു.
റോബട്ടിക് ആനകളെ ഉപയോഗിച്ചാൽ, ബന്ധനത്തിൽ കഴിയുന്ന ആനകളുടെ ദുരിതങ്ങൾക്ക് അറുതിയാകുമെന്ന് സംഗീത ചൂണ്ടിക്കാട്ടി. ഓരോ വർഷവും 25 നാട്ടാനകൾ ദുരിതപൂർണമായ സാഹചര്യങ്ങളാൽ ചെരിയുന്നുണ്ടെന്നാണ് കണക്ക്. 2014ൽ ഇതുവരെ മാത്രം 3 ആനകൾ ചെരിഞ്ഞു. 2023ൽ മാത്രം ആനകൾ ഇടഞ്ഞ് ആൾക്കൂട്ടത്തിന് നേരെ ഓടിയ 293 സംഭവങ്ങൾ ഉണ്ടായി. ഇത്തരം സംഭവങ്ങളിൽ കഴിഞ്ഞ വർഷം 4 പാപ്പാന്മാർ െകാല്ലപ്പെടുകയും 26 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 2014ൽ മാത്രം 15 ഇടത്ത് ആനകൾ ഇടഞ്ഞോടി. ഇത്തരം സംഭവങ്ങൾ പലപ്പോഴും ഉൽസവങ്ങളിൽ പങ്കെടുക്കാനെത്തുന്ന സാധാരണക്കാർക്കും സുരക്ഷാ ഭീഷണിയാണെന്ന് അവർ ചൂണ്ടിക്കാട്ടി. അതുപോലെ നാട്ടാനകളുടെ എണ്ണത്തിലും വലിയ കുറവ് വരുന്നുണ്ടെന്ന് അവർ പറയുന്നു. താൻ സംവിധാനം ചെയ്ത ‘ഗോഡ്സ് ഇൻ ഷാക്കിൾസ്’ എന്ന, ആനകളെക്കുറിച്ചുള്ള ഡോക്യുമെന്ററി ഇറങ്ങിയ 2016 ൽ 700 ഓളം ആനകൾ ഉണ്ടായിരുന്നെങ്കിൽ 2019ൽ ഇത് 500 ആയി. ഈ വര്‍ഷം 3 എണ്ണം കൂടി ചെരിഞ്ഞതോടെ നിലവിൽ കേരളത്തിൽ 393 നാട്ടാനകൾ മാത്രമേ ഉള്ളൂവെന്നും അവർ പറഞ്ഞു. ശ്രീ ശിവശങ്കര ഹരിഹരനെപ്പോലുള്ള റോബട്ടിക് ആനകള്‍ക്ക് വരുംനാളുകളിൽ കേരളത്തിൽ കൂടുതൽ സ്വീകാര്യതയുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും സംഗീത അയ്യർ പറഞ്ഞു.
