തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന് പുതിയ തലമുറ നൽകുന്ന വമ്പിച്ച പിന്തുണ ചിലരെയെല്ലാം അസ്വസ്ഥരാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സ് ആരംഭിച്ചപ്പോൾ മുതൽ കോൺഗ്രസും അവരുടെ യുവജന സംഘടനകളും തുടങ്ങിയ അക്രമ മനോഭാവം അതിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.

‘‘പ്രാരംഭഘട്ടത്തിൽ വാഹനത്തിനു മുന്നിൽ ചാടി വീഴുകയായിരുന്നു മാർഗമെങ്കിൽ പിന്നീട് ബസിന് നേരെ ഷൂ എറിയുന്ന നിലയിലേക്കെത്തി. ഒടുവിൽ ഈ അക്രമ മനോഭാവം നവകേരള സദസ്സുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന പ്രചരണ സാമഗ്രികളുടെ നേരെയായി. കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനത്ത് നൂറ് കണക്കിന് ബോർഡുകളും ബാനറുകളുമാണ് തകർത്തത്.

‘‘പ്രചാരണ സാമഗ്രികൾ നശിപ്പിക്കുക, പൊലീസിന് നേരെ മുളകുപൊടിയും ഗോലിയും എറിയുക തുടങ്ങിയവയാണ് ചെയ്യുന്നത്. അത്ര പകയാണ് നവകേരള സദസ്സിനോട് ഇവർക്കുള്ളത്. സാമൂഹ്യ വിരുദ്ധ മനോഭാവത്തിൽ നിന്ന് ഉടലെടുത്ത ആക്രമണ മനോഭാവമാണ് ഇത്. നവകേരള സദസ്സിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡുകളിൽ ആർക്കും വിദ്വേഷം വരേണ്ട കാര്യമില്ല. പരിപാടി എവിടെ എപ്പോൾ എന്നതും ആരൊക്കെ പങ്കെടുക്കുന്നു എന്നതുമാണല്ലോ അതിലെ വിവരങ്ങൾ. ആ ബോർഡുകൾ തകർക്കുന്നതിലൂടെ തങ്ങൾ ഈ നാടിനെതിരാണ് എന്ന പ്രഖ്യാപനമാണ് അവർ നടത്തുന്നത്. ഇത്തരം നിലപാടുകൾ തിരുത്തി ഈ നാടിന്റെ മുന്നേറ്റത്തോടൊപ്പം ചേരണം എന്നാണ് അവരോട് അഭ്യർഥിക്കാനുള്ളത്.’’–പിണറായി വിജയൻ പറഞ്ഞു. ആധുനിക വ്യവസായങ്ങളെയും പുതിയ തൊഴിൽ സാധ്യതകളെയും ഉപയോഗപ്പെടുത്താൻ കേരളത്തെ പ്രാപ്തമാക്കുന്ന നയമാണ് സർക്കാർ നടപ്പാക്കി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.