
തിരുവനന്തപുരം∙ മുൻകൂട്ടി അറിയിക്കാതെയും പൊലീസിന്റെ സുരക്ഷ വേണ്ടെന്നു പ്രഖ്യാപിച്ചും കോഴിക്കോട് മിഠായിത്തെരുവിലൂടെ ഇറങ്ങി നടന്ന ഗവർണർ ആരിഫ്മുഹമ്മദ് ഖാനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവർ ഇത്തരത്തിൽ പെരുമാറുന്നത് അനുകരണീയമായ മാതൃകയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, ഇത്തരത്തിൽ ഇറങ്ങിനടക്കാൻ സാധിക്കുന്ന സംസ്ഥാനം ഇന്ത്യയിൽത്തന്നെ വേറെ ഏതുണ്ടെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിലെ ക്രമസമാധാന നില ഭദ്രമാണെന്ന് നേരിട്ട് മനസ്സിലാക്കിയ ഗവർണർ അക്കാര്യം രാജ്യത്തിനു ബോധ്യപ്പെടുത്തി കൊടുത്തെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
” അവിടെയെത്തിയപ്പോൾ അദ്ദേഹം മറ്റൊരുകാര്യം മനസ്സിലാക്കിയിട്ടുണ്ടാകും. നമ്മുടെ രാജ്യത്ത് ഇതുപോലുള്ള ആളുകൾക്ക് മുൻകൂട്ടി അറിയിക്കാതെ ഇത്തരത്തിൽ ഇറങ്ങിച്ചെല്ലാൻ സാധിക്കുന്ന എത്ര സ്ഥലങ്ങളുണ്ടാകും? എത്ര സംസ്ഥാനങ്ങളുണ്ടാകും? അതാണ് കേരളത്തിന്റെ ഒരു പ്രത്യേകത. കേരളത്തിൽ ഇതുപോലെ ഇറങ്ങിച്ചെല്ലുന്നതിനോ നടക്കുന്നതിനോ സാധാരണഗതിയിൽ യാതൊരു പ്രശ്നവുമില്ല. കേരളത്തിന്റെ ക്രമസമാധാന നില വളരെ ഭദ്രമാണ് എന്ന് ഗവർണർക്ക് തന്നെ ഇതിലൂടെ ബോധ്യമാവുകയും, രാജ്യത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു.”
” എങ്കിലും ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി പ്രോട്ടോകോൾ എല്ലാം തെറ്റിച്ച് തോന്നിയപോലെ ഇറങ്ങിനടക്കുന്നത് അനുകരണീയമായ മാതൃകയല്ല”. അദ്ദേഹം ചെയ്തത് തീർത്തും തെറ്റായ ഒരു കാര്യമാണ്. അദ്ദേഹം മിഠായി തെരുവിൽ പോയി എല്ലാകടകളിലും കയറി ഹൽവ കഴിച്ചുനോക്കി. അതെല്ലാം നന്നായി. മിഠായി തെരുവ് പ്രശസ്ത്തമാണെന്ന് അദ്ദേഹം കേട്ടിട്ടുണ്ടാകും, അതുകൊണ്ടായിരിക്കും അവിടേക്ക് പോയത്. മുൻകൂട്ടി അറിയിച്ച് അതിനനുസരിച്ച നടപടികൾ സ്വീകരിച്ചാണ് പോകേണ്ടത്.
” ചിലകാര്യങ്ങൾ മനസ്സിൽ വച്ചുകൊണ്ടായിരിക്കുമല്ലോ ഗവർണർ ഇറങ്ങിയിട്ടുണ്ടാവുക. അത് എന്താണെന്ന് അദ്ദേഹം തന്നെ വെക്തമാക്കേണ്ടതാണ് . പ്രതിക്ഷേധിക്കേണ്ട ഒരുകാര്യം ഗവർണർ ചെയ്തപ്പോൾ അതിനെതിരെയാണ് പ്രതിക്ഷേധം ഉണ്ടായത്. അതിനു മറ്റു മാനങ്ങൾ കാണേണ്ടതില്ല. അദ്ദേഹം കണ്ടതുപോലെ ഗുണ്ടകളോ ക്രിമിനലുകളോ അതുപോലുള്ള മറ്റു വിശേഷണ പദങ്ങളോ ചേരുന്നവരല്ല ആ പ്രതിഷേധം നടത്തിയത്. നമ്മുടെ നാടിന്റെ ഭാവി വാക്താനങ്ങളായ വിദ്യാർ്‌തഥികൾ അവരുടെ മേഖലയിൽ ചെയ്യാൻ പാടില്ലാത്ത ഒരുകാര്യം ചാൻസിലർ എന്ന നിലയിൽ ഗവർണർ ചെയ്തപ്പോൾ ആ ചാൻസിലറുടെ നടപടിയെ ചോദ്യം ചെയ്യുകയാണ് ചെയ്തത്. അതു സമ്മതിക്കാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ നടപടിക്കെതിരെ കൂടുതൽ ശക്തമായ പ്രതിഷേധം ഉയർത്താനും അവർ രംഗത്തുവന്നു.
” ഇതെല്ലം ജനാധിപത്യത്തിന്റെ കരുത്തും കേരളത്തിന്റെ തന്നെ പ്രത്യേകതയുമാണ് കാണിക്കുന്നത്. അതിന്റെ ഭാഗമായി മറ്റ് അനിയന്ത്രിത കാര്യങ്ങളിലേക്ക് പോകുന്നില്ല എന്ന് തന്നെയാണ് ഇതിലൂടെയെല്ലാം വ്യക്തമാകുന്നത്. അദ്ദേഹത്തിന് മറ്റു ഉദ്ദേശ്ശങ്ങളുണ്ടോയെന്ന് അദ്ദേഹം തന്നെയാണ് പറയേണ്ടത്. ഇതിനകം അതേക്കുറിച്ചു പല റിപ്പോർട്ടുകളും വന്നുകഴിഞ്ഞു. ഗവർണർ ആക്രമിക്കപ്പെടുന്ന നിലവന്നാൽ , ആ സംസ്ഥാനത്തിന്റെ സർക്കാരിനെ പിരിച്ചുവിടാൻ ന്യായമായി എന്ന് നിങ്ങളിൽ ചിലർ റിപ്പോർട്ട് ചെയ്തിരുന്നു. ആ വഴിക്ക് അദ്ദേഹം ചിന്തിച്ചിരുന്നോ എന്ന് പറയാനാകില്ല. എന്തായാലും നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ആരോഗ്യകരമായ അന്തരീക്ഷമാണ് നിലനിക്കുന്നതെന്ന് വ്യക്തമായിരിക്കുന്നു. അതു രാജ്യത്തിനു മുന്നിൽ വ്യക്തമാക്കി കൊടുക്കാൻ അദ്ദേഹത്തിന്റെ ചെയ്തികളിലൂടെ സാധിച്ചു.
സുരക്ഷയുടെ കാര്യത്തിൽ അദ്ദേഹം കത്ത് കൊടുത്തലും ഇല്ലെങ്കിലും, ഗവർണർ എന്ന നിലയിൽ ഇസഡ് പ്ലസ് സുരക്ഷ ഉറപ്പാക്കേണ്ടത് കേരളാ പോലീസിന്റെ ഉത്തരവാദിത്തമാണ്. ആ സുരക്ഷ നിർബന്ധമായും നല്കിയിരിക്കും.
” ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധിക്കാൻ കെ എസ് യു വിനും , യൂത്ത് കോൺഗ്രസിനുമെല്ലാം അവകാശമുണ്ട്. അത് ജനാധിപത്യപരമായ രീതിയിൽ വേണോയെന്ന് അവർ തന്നെ തീരുമാനിക്കണം. എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് പറയും വേണം. ഗവർണർക്കെതിരെ പ്രതിഷേധിക്കുന്നവർ അതിന്റെ കാരണം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ എന്തിനെതിരെയാണ് പ്രതിഷേധം ? ഈ നവകേരള യാത്ര ഏതു തരത്തിലാണ് യൂത്ത് കോൺഗ്രസിനും , കെ എസ് യു വിനും എതിരെയാകുന്നത്? അതുമല്ലെങ്കിൽ കോൺഗ്രസിന് എതിരാകുന്നത് ? ആരെങ്കിലും പറഞ്ഞോ ഇല്ലല്ലോ. ജനാധിപത്യ സംവിധാനത്തിൽ എന്തിനു പ്രതിഷേധിക്കുന്നു എന്നതും പ്രധാനപെട്ടതാണ് :- മുഖ്യമന്ത്രി പറഞ്ഞു.
