Main News

കൊടുത്താൽ കൊല്ലത്തും കിട്ടും’: ചൂരലും പെപ്പർ സ്പ്രേയുമായി ഡിവൈഎഫ്ഐയ്‌ക്കെതിരെ യൂത്ത് കോൺഗ്രസുകാർ

കൊല്ലം∙ നവ കേരള സദസിനെതിരായ പ്രതിഷേധത്തിനിടെ, ‘അടിക്കു തിരിച്ചടി’യുമായി യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകർ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള യാത്രയ്ക്കെതിരായ കരിങ്കൊടി പ്രതിഷേധം കൊല്ലം ജില്ലയിലും തുടരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ, ഇത്തവണ അടിച്ചോടിക്കാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ അതേ നാണയത്തിൽ നേരിട്ടു. കയ്യിൽ വടികളും പെപ്പർ സ്പ്രേയുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും കൊല്ലം ചിന്നക്കടയിൽ നേർക്കുനേർ ഏറ്റുമുട്ടി.

കൊടുത്താൽ കൊല്ലത്തും കിട്ടും’ എന്ന ഫെയ്സ്ബുക് പോസ്റ്റിലെ ഒറ്റ വാചകത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ സംഘടനയുടെ ശൈലീമാറ്റം ‘ഔദ്യോഗികമാക്കി’. #ജീവൻരക്ഷാസേന എന്ന ഹാഷ്ടാഗ് സഹിതമാണ് രാഹുലിന്റെ പോസ്റ്റ്.

യൂത്ത് കോൺഗ്രസിനു പുറമേ കെഎസ്‌യു, മഹിളാ കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെയാണ് ചിന്നക്കടയിൽ യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകർ വടികളുമായി തെരുവിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ നിരവധി പേർക്കു പരുക്കേറ്റു. ചൂരൽ വടികൊണ്ടാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്നുണ്ട്. പൊലീസിനെ കാഴ്ചക്കാരാക്കിയായിരുന്നു ഏറ്റുമുട്ടൽ. ഒടുവിൽ പൊലീസ് തന്നെ ഇടപെട്ടതാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. ഡിവൈഎഫ്ഐ പ്രവർത്തകർക്കു നേരെ യൂത്ത് കോൺഗ്രസുകാർ കുരുമുളക് സ്പ്രേയും ഉപയോഗിച്ചു.

ആനന്ദബല്ലീശ്വരം ക്ഷേത്രത്തിനു സമീപം മഹിളാ കോൺഗ്രസ് പ്രവര്‍ത്തകര്‍ കറുത്ത വസ്ത്രം അണിഞ്ഞ് നവ കേരള ബസിനു നേരെ കരിങ്കൊടി കാണിച്ചു. കരുനാഗപ്പള്ളിയിൽ കരിങ്കൊടിയും കറുത്ത ബലൂണും കരിങ്കൊടിയും ഉയർത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചവറയിലും പ്രതിഷേധവും അറസ്റ്റുമുണ്ടായി. കരുനാഗപ്പള്ളി, ശക്തികുളങ്ങര എന്നിവിടങ്ങളിൽ മുൻകരുതലെന്ന നിലയിൽ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി.

-സമരം കടുപ്പിക്കാൻ കോൺഗ്രസ്-

നവകേരള സദസിനെതിരായ പ്രതിഷേധം കടുപ്പിക്കാനും, സമരത്തെ അടിച്ചൊതുക്കുന്ന പൊലീസിന്റെയും ഡിവൈഎഫ്ഐയുടെയും നടപടിയെ നേരിടാനും കോൺഗ്രസ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ശനിയാഴ്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ നേതൃത്വത്തില്‍ ഡിജിപി ഓഫിസിലേക്കു മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കൾ ഉൾപ്പെടെ മാർച്ചിൽ അണിനിരക്കും.

നവകേരള യാത്രയ്ക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിച്ചതടക്കമുള്ള സംഭവങ്ങളിൽ പ്രതിഷേധം പ്രസ്താവനകളിലൊതുക്കാതെ തെരുവിലിറങ്ങാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനു പാർട്ടി ഹൈക്കമാൻഡ് നിർദേശം നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാനും ഡിവൈഎഫ്ഐക്കാരും തെരുവിൽ നേരിടുമ്പോൾ അതിനെതിരെ സംസ്ഥാന നേതൃത്വം നടത്തുന്ന പ്രതിഷേധങ്ങൾക്കു വീര്യം പോരെന്നു വിലയിരുത്തിയാണിത്. പൊലീസ് മേധാവിയുടെ ഓഫിസിലേക്കു പ്രകടനം നടത്തുന്നതടക്കം സംസ്ഥാനത്തെ നേതാക്കൾ തെരുവിലിറങ്ങണമെന്നും പ്രസ്താവനകൾ മാത്രം പോരെന്നുമാണു ദേശീയ നേതൃത്വത്തിന്റെ നിലപാട്.

ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വരെ തെരുവിൽ മർദനം നേരിടുമ്പോൾ അതിനെതിരെ സംസ്ഥാന നേതൃത്വത്തിൽ നിന്നുയരുന്ന പ്രതിഷേധ സ്വരത്തിനു മൂർച്ച പോരാ. നവകേരള യാത്രയ്ക്കെതിരെ ജനവികാരമുയർത്താനും രാഷ്ട്രീയമായി അതിനെ നേരിടാനും ശക്തമായ പ്രതിഷേധ പരിപാടികൾ അനിവാര്യമാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു പിന്തുണയുമായി സംസ്ഥാന നേതൃത്വം മുന്നിട്ടിറങ്ങണം. അതിനാവശ്യമായ സമരപരിപാടികൾക്കു രൂപം നൽകണമെന്നും ദേശീയ നേതൃത്വം നിർദ്ദേശിച്ചിരുന്നു.


പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാൻ പ്രഫ. ടി.ജെ.ജോസഫ്; മറൈൻ ഡ്രൈവിലെ പരിപാടിയിലേക്ക് ക്ഷണം

നരേന്ദ്ര മോദി, പ്രഫ. ടി.ജെ. ജോസഫ്

കൊച്ചി∙ ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൈവെട്ടിയ തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകൻ ടി.ജെ.ജോസഫിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിലേക്കു ക്ഷണം. ഉച്ചയ്ക്ക് ഒന്നിന് കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന ബിജെപി ‘ശക്തികേന്ദ്ര പ്രമുഖരുടെ’ സമ്മേളനത്തിലേക്കാണ് പ്രഫ. ടി.ജെ.ജോസഫിനു ക്ഷണം ലഭിച്ചത്. കൈവെട്ടു കേസിലെ ഒന്നാം പ്രതി അശമന്നൂർ നൂലേലി മുടശേരി സവാദിനെ ഏതാനും ദിവസങ്ങൾക്കു മുൻപ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ണൂർ മട്ടന്നൂരിൽനിന്ന് പിടികൂടിയിരുന്നു. മതനിന്ദ ആരോപിച്ച് 2010 ജൂലൈ നാലിനാണ് പ്രതികൾ അധ്യാപകന്റെ കൈവെട്ടിയത്.

Leave a Reply