ന്യൂഡൽഹി: വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിനായി ഏപ്രിൽ 16, 17, 18 തീയതികളിൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദശാബ്ദങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിടാൻ സമയമായെന്നും രാജ്യം ഒരു പുതിയ ചരിത്രം സൃഷ്ടിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന നാരിശക്തി വന്ദൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ചുവടുവെപ്പ് സ്ത്രീകളുടെ ശക്തിക്കും ബഹുമാനത്തിനും സമർപ്പിച്ചിട്ടുള്ളതാണെന്നും രാജ്യത്തിന്റെ ചരിത്രത്തിൽ പാർലമെന്റ് ഒരു പുതിയ അധ്യായം രചിക്കുന്നതിന് അടുത്തെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ”വനിതാ സംവരണ ബില്ലിന്റെ കാര്യത്തിൽ ഇന്ത്യ ഒറ്റക്കെട്ടായി നിലകൊള്ളുന്നു. 40 വർഷത്തിനു ശേഷമാണ് ബിൽ വരുന്നത്. ഇത് 2029 ഓടെ നടപ്പിലാക്കണം. 21-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണിത്,’ പ്രധാനമന്ത്രി മോദി പറഞ്ഞു.

2023-ൽ ബിൽ അവതരിപ്പിച്ചപ്പോൾ എല്ലാ പാർട്ടികളും ഐകകണ്‌ഠ്യേനയാണ് അതിനെ പിന്തുണച്ചതെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. 2029-ഓടെ നിയമം നടപ്പിലാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് സഹകരണത്തിലൂടെയും പങ്കാളിത്തത്തിലൂടെയും ബിൽ പാസാക്കാൻ സർക്കാർ മുൻകൈ എടുക്കുന്നത്. ഈ തീരുമാനം ഒരു പുതിയ യുഗത്തിന്റെ തുടക്കമാണ്, കൂടാതെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ പരിശ്രമത്തിൽ അവരുടേതായ രീതിയിൽ സംഭാവന നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ രാഷ്ട്രപതി, ധനമന്ത്രി തുടങ്ങിയ ഉന്നത പദവികൾ സ്ത്രീകൾ അലങ്കരിക്കുന്നത് രാജ്യത്തിന് അഭിമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പഞ്ചായത്ത് തലത്തിൽ സ്ത്രീകൾ വഹിക്കുന്ന പങ്കിന് ഉദാഹരണമായി ജൽ ജീവൻ മിഷന്റെ വിജയം അദ്ദേഹം ചൂണ്ടിക്കാട്ടി. തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിക്കുന്നത് ഭരണസംവിധാനങ്ങളെ കൂടുതൽ സംവേദനക്ഷമമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള സമയമായെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്നത് അവരുടെ അഭിലാഷങ്ങൾ യാഥാർത്ഥ്യമാക്കാൻ സഹായിക്കുമെന്നും, വനിതാ പങ്കാളിത്തത്തിലെ ഇന്ത്യയുടെ പുരോഗതി ആഗോള നേതാക്കളെ ആകർഷിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. സാമൂഹിക നീതി എന്നത് കേവലം ഒരു മുദ്രാവാക്യമല്ലെന്നും അത് നമ്മുടെ തൊഴിൽ സംസ്‌കാരത്തിന്റെയും തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയുടെയും സ്വാഭാവിക ഭാഗമാണെന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി, ഈ തീരുമാനത്തെ സ്ത്രീശക്തിക്കുള്ള ആദരവായാണ് വിശേഷിപ്പിച്ചത്. ഏപ്രിൽ 16 മുതൽ മൂന്ന് ദിവസത്തേക്ക് വിളിച്ചുചേർക്കുന്ന പ്രത്യേക സമ്മേളനത്തെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. നിയമസഭകളിലും പാർലമെന്റിലും വനിതാ സംവരണം നടപ്പിലാക്കുന്നതിനായുള്ള ചർച്ചകൾക്കാണ് ഈ സമ്മേളനം മുൻഗണന നൽകുന്നത്. 2023-ലെ നാരിശക്തി വന്ദൻ നിയമപ്രകാരം പുതിയ സെൻസസിനും മണ്ഡലപുനർനിർണ്ണയത്തിനും ശേഷമേ സംവരണം നടപ്പിലാക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ സെൻസസ് വൈകുന്ന സാഹചര്യത്തിൽ, 2011-ലെ സെൻസസ് വിവരങ്ങൾ അടിസ്ഥാനമാക്കി പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാർ നിലവിൽ ലക്ഷ്യമിടുന്നത്. ഇതിനായി രണ്ട് പ്രധാന ഭേദഗതികൾ സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ട്.