ന്യൂഡൽഹി: ബിഹാറിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് കടത്താൻ ശ്രമിച്ച 163 കുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി. കുട്ടികളെ കടത്താൻ ശ്രമിച്ച എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടർന്ന് ട്രെയിൽ മധ്യപ്രദേശിലെത്തിയപ്പോൾ റെയിൽവേ പോലീസ് നടത്തിയ പരിശോധനയിലാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ഇവരെ ഷെൽറ്റർ ഹോമിലേക്ക് മാറ്റി.

ബിഹാറിൽ നിന്നും പട്നയിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് ഈ വൻ മനുഷ്യക്കടത്ത് നടന്നത്. ട്രെയിനിലെ എസ്3, എസ്4, എസ്7 കോച്ചുകളിലായാണ് കുട്ടികളെ പാർപ്പിച്ചിരുന്നത്. സംശയാസ്പദമായ രീതിയിൽ ഇത്രയധികം കുട്ടികളെ ട്രെയിൻ കോച്ചുകളിൽ കണ്ടതിനെത്തുടർന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് സംഘം വലയിലായത്. സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണെന്നും പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും മധ്യപ്രദേശ് പോലീസ് അറിയിച്ചു. വിദേശ ബന്ധങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം നടത്തി വരികയാണെന്നും സൂചനയുണ്ട്.