ചങ്ങനാശേരി ∙ ആക്‌ഷൻ സിനിമകളെ പോലും തോൽപ്പിക്കുന്ന ആക്രമണ പരമ്പരയാണ് ചങ്ങനാശേരിയിൽ നടക്കുന്നത്. മെട്രോ നഗരങ്ങളിലേത് സമാനമായ ഗുണ്ടായിസവും ക്വട്ടേഷനുകളുമാണ് അരങ്ങേറുന്നതെന്ന് പൊലീസും സമ്മതിക്കുന്നു. തിരഞ്ഞെടുപ്പ് ദിനത്തിൽ രാത്രി ലഹരിമരുന്ന് ഉപയോഗിച്ച ശേഷം വടിവാളും തോട്ടയുമായി ബൈക്കിൽ കറങ്ങിനടന്ന 2 യുവാക്കൾ മറ്റൊരു യുവാവിനെ വടിവാളിനു വെട്ടിപ്പരുക്കേൽപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. ഛോട്ടാ ഗുണ്ടകളെയും ബഡാ ഗുണ്ടകളെയും സംരക്ഷിക്കാനും പൊന്നുപോലെ നോക്കാനും രാഷ്ട്രീയക്കാരും അധികാരികളും കളത്തിലുണ്ടെന്നതാണ് ജനസംസാരം. പൊലീസുകാർ കാഴ്ചക്കാരായി മാറുമ്പോൾ ജനത്തിന്റെ സമാധാനജീവിതമാണ് തുലാസ്സിൽ.

ആക്‌ഷൻ ∙ ഈസ്റ്റർ ദിനത്തിൽ എസി റോഡിലെ ബാർ ഹോട്ടലിലും ആക്രമണം. വാളും കത്തിയും ഉപയോഗിച്ചുള്ള ആക്രമണത്തിൽ 3 പേർക്ക് പരുക്കേറ്റു. ആക്രമണത്തിൽ പുഴവാത് സ്വദേശി യുവാവിന്റെ തലയ്ക്ക് വെട്ടേറ്റു. സംഭവത്തിൽ 17 വയസ്സുകാരനെ ഉൾപ്പെടെ പൊലീസ് പിടികൂടി. ∙ ചങ്ങനാശേരി ടൗണിലെ ബാറിനു മുൻപിൽ വടിവാളുമായി എത്തിയ യുവാക്കൾ ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതും ഈ മാസം തന്നെ. ∙ 2025 മാർച്ചിൽ പായിപ്പാട് യുവതിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ഗൃഹനാഥനെ കാർ തടഞ്ഞ് നിർത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. ∙ 2025ൽ തെങ്ങണയിൽ ലഹരിസംഘത്തിൽ പെട്ട യുവാക്കൾ ബാറിനു മുൻപിൽ ഒരു യുവാവിനെ കുത്തിവീഴ്ത്തി. ∙ 2025ൽ പാലാത്ര ബൈപാസിലെ കടയിലും വടിവാൾ ആക്രമണം. ∙ 2024ൽ ജനറൽ ആശുപത്രി റോഡ‍ിൽ രാത്രി കാപ്പ കേസുകളിലുൾപ്പെടെ പ്രതിയായ ഛോട്ടാ ഷമീറിനെ റോഡിൽ വെട്ടിപ്പരുക്കേൽപ്പിച്ചു. കാറിലെത്തിയ സംഘം റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ∙ 2024 മേയിൽ രാത്രി മാതാപിതാക്കളോടൊപ്പം ചങ്ങനാശേരി നഗരത്തിലൂടെ നടന്നുപോയ പെൺകുട്ടിയെ ക്രിമിനൽ കേസ് പ്രതികൾ കടന്നുപിടിച്ചു. പൊലീസ് സ്ഥലത്ത് എത്താൻ വൈകി. നാട്ടുകാർ പ്രതികളെ തടഞ്ഞുവച്ചു.