കായംകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമമെന്ന് പരാതി. യുവതിയുടെ പരാതിയിൽ വ്യാപാരി നേതാവിനെതിരെ പോലീസ് കേസെടുത്തു. ആശുപത്രിയിലേക്ക് കൊണ്ടുപേകുന്നതിനിടെയാണ് അതിക്രമം നടന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് കേസെടുത്തത്.

ഏപ്രിൽ നാലിന് പുലർച്ചെ കെ.പി.എ.സി ജംഗ്ഷനിൽ അപകടത്തിൽപ്പെട്ട 25-കാരിയുടെ പരാതിയിലാണ് നടപടി. തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയും കുടുംബവും സഞ്ചരിച്ച വാഹനം പുലർച്ചെ 12.45-ഓടെ മീഡിയനിൽ ഇടിച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനത്തിന് എത്തിയ സംഘത്തിൽ സിനിൽ സബാദുമുണ്ടായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പ്രതി തന്നോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും മോശമായി സ്പർശിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.

സ്വകാര്യ ആശുപത്രിയിലെത്തിയ യുവതി ഡോക്ടർമാരോട് വിവരം പറയുകയും അവർ പോലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് കേസെടുത്തെങ്കിലും തുടർനടപടി ഉണ്ടായില്ലെന്ന് യുവതി ആരോപിച്ചു. പ്രതിയെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. തന്റെ വിശദമായ മൊഴി രേഖപ്പെടുത്താനോ വൈദ്യപരിശോധന നടത്താനോ പോലീസ് തയ്യാറായില്ലെന്നും അവർ കുറ്റപ്പെടുത്തി.