ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ അമ്പയര്‍ കുത്തേറ്റു മരിച്ചു. 21-കാരനായ അജിത്ത് ബാബുവാണ് മരിച്ചത്. കളിക്കിടെ ഒരു റണ്‍ഔട്ട് തീരുമാനത്തെ ചൊല്ലി രണ്ട് ടീമുകള്‍ക്ക് ഒപ്പം എത്തിയവര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും പിന്നീട് കൈയ്യാങ്കളിയായി അക്രമത്തിലേക്ക് എത്തുകയായിരുന്നുവെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അക്രമത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഞായറാഴ്ചയായിരുന്നു പ്രാദേശിക ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നത്. ഒരു മത്സരത്തിനിടെ അമ്പയര്‍ റണ്‍ഔട്ട് വിധിച്ചെങ്കിലും ഇതില്‍ ഒരു ടീമിന് അമ്പയറുടെ തീരുമാനത്തിനോട് യോജിപ്പുണ്ടായിരുന്നില്ല. ഇതേ ചൊല്ലിയുള്ള തര്‍ക്കം ഏറെ നേരം നീണ്ടുനിന്നു. തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാനെന്ന വ്യാജേന കളി അവസാനിച്ചതിന് ശേഷം അമ്പയറായിരുന്ന ഡോള അജിത്ത് ബാബുവിനെ എതിര്‍സംഘം വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. കത്തി ഉപയോഗിച്ച് നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരമായി പരിക്കേറ്റ അജിത്ത് ബാബുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ കാന്ത കിഷോര്‍ (26) എന്നയാള്‍ പിടിയിലായിട്ടുണ്ട്. എന്നാല്‍ ഇയാള്‍ ആണോ അക്രമി എന്ന കാര്യത്തില്‍ അന്വേഷണം നടത്തുകയാണ് പോലീസ്. ഓണ്‍ഫീല്‍ഡില്‍ തര്‍ക്കം തീര്‍ന്നിരുന്നതായും എന്നാല്‍ മത്സരം വീക്ഷിക്കാനെത്തിയ കാന്ത കിഷോര്‍ അമ്പയറെ ആക്രമിക്കുകയായിരുന്നുവെന്നും അംപയര്‍മാര്‍ ഇടപെട്ട് ഓണ്‍-ഫീല്‍ഡ് തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞുവെന്ന് പോലീസ് പറഞ്ഞു. എന്നിരുന്നാലും, കാന്ത കിഷോര്‍ (26) എന്ന് തിരിച്ചറിഞ്ഞ ഒരു കാഴ്ചക്കാരന്‍ പ്രകോപിതനായി. കളിക്കാരെയും അമ്പയര്‍മാരെയും വാക്കാല്‍ അധിക്ഷേപിച്ചിരുന്നു. പിന്നീട് പ്രശ്‌നം പരിഹരിക്കാന്‍ അദ്ദേഹത്തെ കാണാന്‍ ആവശ്യപ്പെട്ടിരുന്നു.
