ന്യൂഡൽഹി ∙ ഇന്ത്യ-ബംഗ്ലദേശ് അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയാൻ പാമ്പുകളെയും മുതലകളെയും കാവൽക്കാരായി ഉപയോഗിക്കാൻ ബിഎസ്എഫ്. അതിർത്തിയിലെ നദീതടങ്ങളിലും ചതുപ്പുനിലങ്ങളിലും നുഴഞ്ഞുകയറ്റം തടയുന്നതിനായാണ് പാമ്പുകളെയും മുതലകളെയും പ്രകൃതിദത്തമായ പ്രതിരോധമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ബിഎസ്എഫ് ആഭ്യന്തര ചർച്ചകൾ നടത്തിയത്.
സാധാരണ രീതിയിലുള്ള വേലികൾ കെട്ടാൻ സാധിക്കാത്ത അതിർത്തിയിലെ ദുർഘടമായ ഇടങ്ങളിലാണ് ഈ പദ്ധതി പരിഗണിക്കുന്നത്. 4,096 കിലോമീറ്റർ നീളമുള്ള ഇന്ത്യ-ബംഗ്ലദേശ് അതിർത്തിയിൽ ഏകദേശം 175 കിലോമീറ്ററോളം പുഴകളും ചതുപ്പുകളുമാണ്. ഇവിടെ നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയുക പ്രായോഗികമല്ല. ഈ സാഹചര്യത്തിലാണ് പ്രകൃതിദത്ത മാർഗങ്ങൾക്കായി അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതു സംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് ബിഎസ്എഫ് വൃത്തങ്ങൾ അറിയിച്ചു. നിർദേശം ചർച്ചാഘട്ടത്തിൽ മാത്രമാണെന്നും ഭാവിയിൽ ഇത് നടപ്പിലാക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇതോടൊപ്പം തന്നെ ഡ്രോണുകൾ, സെൻസറുകൾ, ക്യാമറകൾ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കാനും ബിഎസ്എഫ് നടപടി സ്വീകരിക്കുന്നുണ്ട്. കിഴക്കൻ അതിർത്തിയിലെ കള്ളക്കടത്തും നുഴഞ്ഞുകയറ്റവും സംബന്ധിച്ച ആശങ്കകൾക്കിടയിലാണ് പുതിയ നീക്കം. ഈ വർഷം ജനുവരിയിൽ ബംഗാളിലെ നാദിയ ജില്ലയിൽ ബിഎസ്എഫ് നടത്തിയ പരിശോധനയിൽ ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ ബിസ്ക്കറ്റുകൾ പിടിച്ചെടുത്തിരുന്നു. 2025 നവംബറിൽ നാദിയ ജില്ലയിൽ തന്നെയുണ്ടായ മറ്റൊരു സംഭവത്തിൽ, കള്ളക്കടത്ത് തടയുന്നതിനിടെയുണ്ടായ വെടിവയ്പ്പിൽ ബംഗ്ലദേശുകാരനായ കള്ളക്കടത്തുകാരൻ കൊല്ലപ്പെട്ടിരുന്നു. പ്രാദേശിക ആയുധങ്ങൾ ഉപയോഗിച്ച് കള്ളക്കടത്തുകാർ ബിഎസ്എഫ് ജവാന്മാരെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് വെടിവയ്പ്പുണ്ടായത്.
