ടെഹ്റാൻ ∙ യുഎസ്–ഇസ്രയേൽ സംഘർഷങ്ങൾക്കിടെ ഇറാന്റെ ഭരണനിയന്ത്രണം ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) ഏറ്റെടുത്തതായി റിപ്പോർട്ട്. പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ നേതൃത്വം നൽകുന്ന ഇറാൻ ഭരണകൂടവും രാജ്യത്തെ സൈനിക നേതൃത്വവും തമ്മിലുള്ള വർധിച്ചുവരുന്ന സംഘർഷങ്ങൾ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായും ഭരണനിയന്ത്രണം ഐആർജിസി ഏറ്റെടുത്തതായും ഇറാൻ ഇന്റർനാഷനൽ റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ നിയമനങ്ങൾ ഉൾപ്പെടെ പ്രസിഡന്റിന്റെ തീരുമാനങ്ങളെ ഐആർജിസി തടസ്സപ്പെടുത്തിയെന്നും ഭരണത്തിൽ പിടിമുറുക്കി അധികാര നിയന്ത്രണം ഏർപ്പെടുത്തിയെന്നും ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇറാൻ ഇന്റർനാഷനലിനോട് പറഞ്ഞു. ഇത് സർക്കാരിന്റെ കാര്യനിർവഹണത്തിന് തടസമായിരിക്കുകയാണ്. പുതിയ ഇന്റലിജൻസ് മന്ത്രിയെ നിയമിക്കാനുള്ള പ്രസിഡന്റിന്റെ നീക്കം ഐആർജിസി കമാൻഡർ അഹമ്മദ് വാഹിദിയുടെ ഇടപെടലിനെത്തുടർന്ന് പരാജയപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

പരമ്പരാഗതമായി, പരമോന്നത നേതാവിന്റെ അംഗീകാരം ലഭിച്ചതിനുശേഷമാണ് പ്രസിഡന്റ് ഇന്റലിജൻസ് മന്ത്രിയായി ആളുകളുടെ പേര് നാമനിർദേശം ചെയ്യുന്നത്. എന്നാൽ മുജ്തബ ഖമനയി സ്ഥാനമേറ്റെടുത്തിട്ടും ഒരു മാസം പിന്നിട്ടിട്ടും പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതിനാൽ ഐആർജിസി ഇപ്പോൾ പ്രസിഡന്റിനെ നിയന്ത്രിക്കുന്നതായിട്ടാണ് റിപ്പോർട്ട്.