
സംസ്ഥാനത്ത് വിറകിന് വിലയേറുന്നു. ക്വിന്റലിന് 4000 രൂപ വരെയാണ് വില. പൊളിച്ച വിറകിന് ഇനിയും കൂടുതലാണ് വില.
കൊച്ചി: എൽപിജി പ്രതിസന്ധി യുടെ സാഹചര്യത്തിൽ വിറകുവിലയും കുതിച്ചുയരുന്നു. ഹോട്ടൽ മേഖലയിൽ വിറകിന് വലിയ തോതിലാണ് ആവശ്യമുയരുന്നത്. സംസ്ഥാനത്ത് വലിയ തോതിൽ വളരുന്ന വ്യാപാരമേഖല കൂടിയായ റെസ്റ്റോറന്റുകൾ എൽപിജി പ്രതിസന്ധി വന്നപ്പോൾ പൂട്ടുന്ന സ്ഥിതി വന്നിരുന്നു. ഇപ്പോൾ എൽപിജി ലഭ്യത താരതമ്യേന കൂടിയിട്ടുണ്ടെങ്കിലും ദൈനംദിന ആവശ്യം നിറവേറ്റാൻ കഴിയുന്നത്ര അളവിൽ ലഭിക്കുന്നില്ല. ഇക്കാരണത്താൽ ഹോട്ടലുകൾ വിറകടുപ്പുകളെയാണ് കാര്യമായി ആശ്രയിക്കുന്നത്
നിലവില് സാധാരണ വിറക് ക്വിന്റലിന് 3500 രൂപ വരെയാണ് വില. ഇത് പശ്ചിമേഷ്യൻ സംഘർഷം തുടങ്ങുന്നതിന് മുമ്പ് 2600ൽ നിന്നിരുന്നതാണ്. ആയിരത്തോളം രൂപയാണ് പലയിടങ്ങളിലും വിറകുവില കൂടിയിരിക്കുന്നത്. പുളിവിറകിനാണെങ്കിൽ 4000 രൂപ വരെ നൽകണം. ചൂട് കൂടുതലുള്ള പുളിവിറകിന് വിപണിയിൽ മികച്ച ഡിമാൻഡുണ്ട്.
പൊളിച്ച വിറകിന് ഇതിലും കൂടുതലാണ് വില. നേരത്തെ പൊളിച്ച വിറകിന് 3500 ആയിരുന്നു വിലയെങ്കിൽ ഇപ്പോൾ ക്വിന്റലിന് 4500 മുതൽ 5000 വരെ വിലയുണ്ട്. വിറകിനു വേണ്ടി മരങ്ങൾ മുറിക്കുന്നതും വ്യാപകമായിട്ടുണ്ട്. വിറക് പൊളിക്കുന്നതിന്റെ കൂലിയും മണിക്കൂർ അളവിൽ കൂടിയിരിക്കുകയാണ്.
