സൈക്കിൾഷോ: യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ പാമ്പാടിയിൽ എത്തിയ രാഹുൽ ഗാന്ധി പുതുപ്പള്ളി നിയോജക മണ്ഡലം സ്ഥാനാർഥി ചാണ്ടി ഉമ്മനൊപ്പം നഗരത്തിൽ സൈക്കിൾ ചവിട്ടുന്നു.

കോട്ടയം ∙ യുഡിഎഫ് ക്യാംപിന് നവോന്മേഷം പകർന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രചാരണം. കേരളത്തിന്റെ ബഹുസ്വരതയെ ചേർത്തുപിടിച്ചും ധാർഷ്ട്യത്തിന്റെയല്ല, വിനയത്തിന്റെ രാഷ്ട്രീയമാണ് വേണ്ടതെന്ന് ഓർമിപ്പിച്ചും രാഹുൽ പ്രചാരണം നയിച്ചു. എൽഡിഎഫിനെയും ബിജെപിയെയും നിശിതമായി വിമർശിച്ചും യുഡിഎഫിന്റെ ക്ഷേമപ്രവർത്തനങ്ങൾ എടുത്തു പറഞ്ഞുമായിരുന്നു പ്രസംഗങ്ങൾ. 30ന് ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെ പാമ്പാടി ആർഐടി മൈതാനത്ത് ഹെലികോപ്റ്റർ ഇറങ്ങിയ രാഹുൽ ഗാന്ധി മൂന്നിനു പുതുപ്പള്ളി മണ്ഡലത്തിൽ പാമ്പാടിയിലെ സമ്മേളന വേദിയിലെത്തി. ആവേശത്തോടെ മുദ്രാവാക്യം വിളിച്ച പ്രവർത്തകർക്ക് നിറഞ്ഞ ചിരിയോടെ പ്രത്യഭിവാദ്യം. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനെ ചേർത്ത് നിർത്തി വിജയാശംസ നേർന്നു. ഉമ്മൻ ചാണ്ടിയുടെ ഓർമകൾ പങ്കുവച്ചു രാഹുൽ പ്രസംഗം തുടങ്ങിയതോടെ പാമ്പാടി ബസ് സ്റ്റാൻഡ് മൈതാനിയിൽ ആവേശം. സമ്മേളനത്തിനു ശേഷം സൈക്കിളിൽ നഗരത്തിലേക്കിറിങ്ങിയതോടെ പാമ്പാടിയിൽ ആവേശത്തിരയിളക്കം.

കോട്ടയത്തിന്റെ തിളക്കമായി രാഹുൽ കോട്ടയം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രചാരണത്തിൽ പങ്കെടുക്കാനായി കഞ്ഞിക്കുഴിയിൽ എത്തിയ രാഹുൽ തിരുവഞ്ചൂരിന്റെ കൈപിടിച്ച് വേദിയിലേക്ക് എത്തി. തിങ്ങിനിറഞ്ഞ സദസ്സിനെ കണ്ടപ്പോൾ രാഹുലിന് സന്തോഷം. ‘യുഡിഎഫ് എന്നും സ്ത്രീകൾക്കൊപ്പമാണ്, ഈ സദസ്സിൽ കൂടുതലുള്ളതും അവരാണ്.’ രാഹുലിന്റെ വാക്കുകളോടെ നിറകയ്യടികളോടെ സദസ്സ് ഏറ്റെടുത്തു. 10 മിനിറ്റ് മാത്രം നീണ്ട പ്രസംഗം. കാച്ചിക്കുറുക്കിയ വാക്കുകളിൽ. വൈകിട്ട് 4ന് രാഹുൽ കഞ്ഞിക്കുഴിയിലെ ട്രാഫിക് സിഗ്നലിന് അടുത്ത് തയാറാക്കിയ താൽക്കാലിക വേദിയിലെത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ ഉച്ച മുതൽതന്നെ പ്രവർത്തകരുടെ ഒഴുക്ക് തുടങ്ങിയിരുന്നു. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും ജനക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിച്ചെന്ന അദ്ദേഹം പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷമാണ് മടങ്ങിയത്.

പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടി ബസ് സ്റ്റാൻഡ് മൈതാനത്ത് രാഹുൽ ഗാന്ധിയെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ സ്വീകരിക്കുന്നു.

‘വിദ്യാഭ്യാസം, ജോലി, സമാധാനം’ സമ്മേളനം നിശ്ചയിച്ചതിലും നേരത്തെ തന്നെ അതിരമ്പുഴയിൽ രാഹുൽ എത്തി. അടുത്തു വരുന്ന യുഡിഎഫ് സർക്കാർ മലയാളിയുടെ പാരമ്പര്യവും ചരിത്രവും കാത്തുസൂക്ഷിക്കുന്ന സർക്കാരായിരിക്കുമെന്ന രാഹുലിന്റെ വാക്കുകൾ വലിയ കരഘോഷത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. മാതാപിതാക്കളോടൊപ്പം സദസ്സിൽ ഉണ്ടായിരുന്നു രണ്ടുകുട്ടികളുടെ പേരെടുത്ത് ചോദിച്ച്, ഇവർ വളർന്നു വരുമ്പോൾ ഇവിടെ തന്നെ പഠിച്ച്, ജോലി നേടി, സമാധാനത്തോടെ ജീവിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് യുഡിഎഫിന്റെയും കോൺഗ്രസിന്റെയും പരമപ്രധാനമായ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അതിരമ്പുഴ ജംക്‌ഷനിൽ വലിയ വാനിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു പ്രസംഗ വേദി. യുഡിഎഫ് സ്ഥാനാർഥികളായ നാട്ടകം സുരേഷ് (ഏറ്റുമാനൂർ ), മോൻസ് ജോസഫ് (കടുത്തുരുത്തി), ചാണ്ടി ഉമ്മൻ (പുതുപ്പള്ളി ), കെ.ബിനിമോൻ (വൈക്കം) എന്നിവർ വേദിയിലുണ്ടായിരുന്നു. തുടർന്ന് അതിരമ്പുഴ സെന്റ് മേരീസ് പള്ളി മൈതാനത്തിൽ നിന്നു ഹെലികോപ്റ്ററിൽ കൊച്ചിക്കു മടങ്ങി. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി, കെ.ഫ്രാൻസിസ് ജോർജ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്, നഗരസഭാധ്യക്ഷൻ എം.പി.സന്തോഷ് കുമാർ, നേതാക്കളായ ജോസഫ് വാഴയ്ക്കൻ, ഫിൽസൺ മാത്യൂസ്, കുര്യൻ ജോയി, കെ.ആർ. ഗോപകുമാർ, കുഞ്ഞ് പുതുശേരി, കുഞ്ഞ് ഇല്ലംപള്ളി, ജെജി പാലയ്ക്കലോടി, സിജു കെ.ഐസക്, സിബി ജോൺ കൈതയിൽ, എൻ.ജയചന്ദ്രൻ, ഷീബ പുന്നൻ, അബ്ദുൽ സലാം, എസ്.രാജീവ്, ടോമി പുളിമാൻതുണ്ടം, ബിനു ചെങ്ങളം, ജലീൽ മുഹമ്മദ് തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിച്ചു.