ന്യൂഡൽഹി: ഏപ്രിൽ ഒന്ന് ബുധനാഴ്ച മുതൽ രാജ്യത്തെ ഫാസ്ടാഗ് നിരക്കിൽ മാറ്റം . രാജ്യത്തെ ദേശീയ പാതകളിലൂടെ സഞ്ചരിക്കുന്നവർക്ക് 2026 ഏപ്രിൽ ഒന്നുമുതൽ പരിഷ്കരിച്ച നിരക്ക് പ്രകാരം 3,000 രൂപയുണ്ടായിരുന്ന പാസ് തുക ഇനി മുതൽ 3,075 രൂപയായി മാറും. വാണിജ്യ ആവശ്യങ്ങൾക്കല്ലാത്ത സ്വകാര്യ വാഹനങ്ങൾക്കാണ് ഈ നിരക്ക് വർധനവ് ബാധകമാകുന്നത്. പണപ്പെരുപ്പം കണക്കിലെടുത്താണ് 2.5 ശതമാനം വർധനവ് വരുത്തിയിരിക്കുന്നതെന്ന് ദേശീയ പാത അതോറിറ്റി വ്യക്തമാക്കി. വർധനവ് വളരെ ചെറുതാണെങ്കിലും പതിവായി ദീർഘദൂര യാത്ര ചെയ്യുന്നവരെ പ്രതികൂലമായി ബാധിക്കും.
2026 – 2027 സാമ്പത്തിക വർഷത്തേക്കുള്ള ഫാസ്ടാഗ് അടിസ്ഥാനമാക്കിയുള്ള വാർഷിക പാസിന്റെ വില നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്‌എഐ) വർധിപ്പിച്ചതിനാൽ ഏപ്രിൽ ഒന്നുമുതൽ പതിവായി ഹൈവേ യാത്ര ചെയ്യുന്നവരെ ബാധിക്കും. 2008ലെ നാഷണൽ ഹൈവേ ഫീസ് (നിരക്കുകളും പിരിവും നിർണയിക്കൽ) നിയമങ്ങൾ പ്രകാരം അതോറിറ്റിയുടെ വാർഷിക ടോൾ യുക്തിസഹീകരണ പ്രക്രിയയുടെ ഭാഗമായി 3,000 രൂപയിൽ നിന്ന് 75 രൂപ വർധിപ്പിച്ച് 3,075 രൂപയായി ഫീസ് പരിഷ്കരിച്ചു.
2025 ഓഗസ്റ്റ് 15നാണ് രാജ്യത്ത് ഫാസ്ടാഗ് വാർഷിക പാസ് സൗകര്യം ആരംഭിച്ചത്. 56 ലക്ഷത്തിലധികം ഉപയോക്താക്കൾ ഫാസ്ടാഗ് വാർഷിക പാസ് സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. ഒരു വർഷം കാലാവധിയുള്ള ഈ പാസ് ഉപയോഗിച്ച് 200 തവണ ടോൾ കടക്കാനാകും. വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്കായി രൂപകൽപ്പന ചെയ്ത വാർഷിക പാസ് ദേശീയ പാതകളിലെയും എക്സ്പ്രസ് വേകളിലെയും ടോൾ പ്ലാസകളിൽ കുടുങ്ങിക്കിടക്കാതെ യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കി. ഇത് സാധാരണ യാത്രക്കാർക്ക് സുഗമമായ യാത്രാനുഭവം നൽകുന്നു. 2025 ഓഗസ്റ്റിൽ ആരംഭിച്ച ഫാസ്ടാഗ് വാർഷിക പാസ് സംവിധാനത്തിൽ ഇതുവരെ 56 ലക്ഷത്തിലധികം ഉപയോക്താക്കൾ ഭാഗമായി. രാജ്മാർഗ്യാത്ര ആപ്പ് വഴിയോ എൻഎച്ച്‌എഐ പോർട്ടൽ വഴിയോ പാസ് വാങ്ങാം. പണമടച്ചതിന് ശേഷം രണ്ട് മണിക്കൂറിനുള്ളിൽ ആക്ടിവേഷൻ പൂർത്തിയാകും.
