ചെന്നൈ: തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച്‌ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്‌ക്കെതിരെ കേസ്. അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് ചെന്നൈ പൊലീസ് കേസെടുത്തിരിക്കുന്നത്. വിജയ്‌യുടെ പ്രചാരണം പ്രദേശത്ത് ഗതാഗത തടസമുണ്ടാക്കിയെന്നാരോപിച്ച്‌ ഒരു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നല്‍കിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രചാരണത്തിന്റെ ദൃശ്യങ്ങളും തെളിവായി സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

പെരമ്പൂർ മണ്ഡലത്തിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം ഇന്നലെ കൊടുങ്ങയ്യൂരില്‍ വിജയ് പ്രചാരണം ആരംഭിച്ചിരുന്നു. രണ്ട് മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുന്നത്. തിരുച്ചിറപ്പള്ളി ഈസ്റ്റ് ആണ് മറ്റൊരു മണ്ഡലം. ഡിഎംകെ സർക്കാർ ഉപയോഗശൂന്യമായ സർക്കാരാണെന്ന് പ്രചാരണത്തിനിടെ വിജയ് ആരോപിച്ചിരുന്നു. തമിഴ്നാട്ടില്‍ പെണ്‍കുട്ടികള്‍ക്ക് രാത്രിയില്‍ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. മുത്തശ്ശി പോലും സുരക്ഷിതയല്ല.

സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത, ക്രമസമാധാന നില മോശമായ, മയക്കുമരുന്ന് വ്യാപകമായ തമിഴ്നാടിനെ രക്ഷിക്കണം. തമിഴ്നാടിനെ ഈ അവസ്ഥയിലേക്ക് കൊണ്ടുവന്നത് ഡിഎംകെയാണ്. സ്റ്റാലിന്റെ ഭരണത്തില്‍ ജനങ്ങള്‍ക്ക് പ്രാധാന്യമില്ല. അദ്ദേഹത്തിന് പ്രധാനം കുടുംബത്തോടൊപ്പം കൊള്ളയടിക്കുകയാണ്. ടാസ്മാക്കില്‍ മാത്രം 1,000 കോടിയിലധികം രൂപയുടെ അഴിമതി. നമ്മുടെ മക്കള്‍ പഠനശേഷം ജോലി തേടി അലയുകയാണ്. മുനിസിപ്പല്‍ വകുപ്പില്‍ ജോലി ലഭിക്കുമെന്ന് പറഞ്ഞ് അവർ കോടിക്കണക്കിന് രൂപയുടെ കൈക്കൂലി വാങ്ങി അർഹതയുള്ളവർക്ക് ജോലിയില്ലെന്ന് വരുത്തിത്തീർത്തുവെന്നും വിജയ് പ്രചാരണത്തില്‍ ആരോപിച്ചിരുന്നു.