കുറ്റിപ്പുറം∙ ജില്ലയിൽ ദേശീയപാത നിർമാണം പൂർത്തിയായില്ല. ഇന്ന് ആയിരുന്നു മുഴുവൻ ജോലികളും പൂർത്തിയാക്കാനുള്ള അവസാന തീയതി. ഇതിന്റെ ഭാഗമായി നാളെ മുതൽ ടോൾ നിരക്ക് വർധിപ്പിക്കുമെന്നും ദേശീയപാതാ അതോറിറ്റി ഉത്തരവ് ഇറക്കിയിരുന്നു. നിർമാണം പൂർത്തിയാക്കാൻ ഒരു മാസംകൂടി വേണ്ടി വരുമെന്ന സാഹചര്യത്തിൽ, കാലാവധി നീട്ടിനൽകാൻ ദേശീയപാതാ അതോറിറ്റി തീരുമാനിച്ചു. കുറ്റിപ്പുറം, കൂരിയാട് ഭാഗങ്ങളിൽ ഒന്നര കിലോമീറ്റർ ദൂരമാണ് പൂർത്തിയാക്കാൻ ബാക്കിയുള്ളത്. കുറ്റിപ്പുറം റെയിൽവേ പാലത്തിന്റെയും അനുബന്ധ റോഡിന്റെയും നിർമാണം 90 ശതമാനം പൂർത്തിയായി. കൈലാസ് ഓഡിറ്റോറിയത്തിന് എതിർവശവും റോഡ് നിർമാണം നടക്കുന്നുണ്ട്. കുറ്റിപ്പുറം ഹൈവേ ജംക്‌ഷനിൽനിന്നു ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന സർവീസ് റോഡ് അടച്ചിട്ടാണ് പ്രവൃത്തി നടക്കുന്നത്.
കൂരിയാട് പാലത്തിന്റെ പ്രവൃത്തികളും അവസാനഘട്ടത്തിലാണ്. അതേസമയം, ഏപ്രിൽ ഒന്നു മുതൽ ടോൾ നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചതിൽ മാറ്റമില്ല. നിർമാണം പൂർണമായും പൂർത്തിയാക്കാതെ ടോൾ നിരക്ക് വർധിപ്പിക്കുന്നത് പ്രതിഷേധങ്ങൾക്കു കാരണമാകും. നിർമാണം പൂർത്തിയാക്കാൻ കാലാവധി നീട്ടിനൽകിയത് വരെ ടോൾ നിരക്കും വർധിപ്പിക്കരുതെന്നാണ് ആവശ്യം. ഇതു സംബന്ധിച്ചു ദേശീയപാതാ അതോറിറ്റി ആലോചനയിലാണ്. ലൈറ്റ് മോട്ടറിന് അഞ്ചു രൂപയും ഹെവി വെഹിക്കിളിന് 20 രൂപ വരെയും വർധിക്കും. ഒരു മാസത്തെ പാസിന് 10 രൂപയും കൂടി. ലൈറ്റ് മോട്ടർ വാഹനങ്ങൾക്ക് 150 രൂപയാണ് നിരക്ക്. 24 മണിക്കൂറിൽ മടക്കയാത്ര നടത്തുകയാണെങ്കിൽ 225 രൂപ. ലൈറ്റ് കമേഴ്സ്യൽ വാഹനങ്ങൾക്ക് 240 രൂപയാണ് നിരക്ക്. ഒറ്റ ദിവസത്തിനുള്ളിൽ തിരിച്ചുവരുകയാണെങ്കിൽ 365 രൂപ നൽകിയാൽ മതി. ബസ്/ ട്രക്ക് എന്നിവയ്ക്ക് 505 രൂപയും വ്യാവസായിക വാഹനങ്ങൾക്ക് 555 രൂപയും ഈടാക്കും. ഹെവി കൺസ്ട്രക്‌ഷൻ മെഷീനറി വാഹനങ്ങൾക്ക് 795 രൂപയും ഏഴും അതിൽ കൂടുതൽ ആക്സിലുകളുള്ള വാഹനങ്ങൾക്ക് 970 രൂപയുമാണ് പുതിയ നിരക്ക്.
