ന്യൂഡൽഹി: നിയമസഭാ സ്ഥാനാർഥത്വവുമായി ബന്ധപ്പെട്ട് പാർട്ടിനേതൃത്വവുമായി ഇടഞ്ഞിരുന്ന കെ.സുധാകരൻ എംപി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബത്തോടൊപ്പമായിരുന്നു സുധാകരൻ രാഹുലിനെ കാണാനെത്തിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പാർട്ടി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും സന്നിഹിതരായിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം സുധാകരനെ വാനോളം പുകഴ്ത്തി രാഹുൽ എക്‌സിൽ പോസ്റ്റിട്ടു.
‘കേരളത്തിലെ ജനങ്ങൾക്കായി ജീവിതകാലം മുഴുവൻ, എല്ലാ കൊടുങ്കാറ്റിലും, എല്ലാ വെല്ലുവിളികളിലും, എല്ലാ പരീക്ഷണങ്ങളിലും പോരാടിയ വ്യക്തിയാണ് കെ. സുധാകരൻ അദ്ദേഹം യഥാർത്ഥ കോൺഗ്രസ് സൈനികന്റെ ശക്തിയും കൂറും ഉള്ളയാളാണ്’ രാഹുൽ കുറിച്ചു. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും ശക്തരാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. ‘100 സീറ്റുകളോടെ കേരളത്തിൽ വലിയ വിജയത്തിലേക്ക് ഞങ്ങൾ മുന്നേറുകയാണ്’ എന്നും രാഹുൽ കൂട്ടിച്ചേർത്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കണമെന്ന് കെ.സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ഇതിനായി അദ്ദേഹം ഹൈക്കമാൻഡിൽ കടുത്ത സമ്മർദ്ദം ചെലുത്തിയെങ്കിലും എംപിമാർ മത്സരിക്കേണ്ട എന്ന തീരുമാനമാണ് കോൺഗ്രസ് നേതൃത്വം എടുത്തത്. മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയുമായി ഇടഞ്ഞെങ്കിലും പിന്നീട് പ്രചാരണങ്ങളിൽ സുധാകരൻ സജീവമായിരുന്നു. താരപ്രചാരകരുടെ പട്ടികയിലും സുധാകരനെ ഉൾപ്പെടുത്തിയിരുന്നു.
