യുക്രെയ്ൻ യുദ്ധവും യുഎസ്-യൂറോപ്പ് ഉപരോധവും സാമ്പത്തികരംഗത്ത് റഷ്യയ്ക്ക് തിരിച്ചടിയാകുന്നു. ചെലവു വർധിച്ചതോടെ, 25 വർഷങ്ങൾക്ക് ശേഷം രാജ്യത്തെ സ്വർണശേഖരം വിൽക്കേണ്ടിയും വന്നു റഷ്യയ്ക്ക്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ റഷ്യൻ കേന്ദ്രബാങ്ക് വിറ്റൊഴിവാക്കിയത് 15 മെട്രിക് ടൺ സ്വർണം. 2002നു ശേഷം റഷ്യ ഇത്തരമൊരു വിൽപന നടത്തുന്നത് ആദ്യമാണെന്ന് വേൾഡ് ഗോൾഡ് കൗൺസിലിൽ വ്യക്തമാക്കി. ജനുവരിയിൽ 3 ലക്ഷം ട്രോയ് ഔൺസ് (31.10 ഗ്രാം) സ്വർണമാണ് റഷ്യ വിറ്റത്. ഫെബ്രുവരിയിൽ 2 ലക്ഷവും. ഇതോടെ റഷ്യയുടെ സ്വര്‍ണശേഖരം 74.3 ദശലക്ഷം ട്രോയ് ഔൺസായി കുറഞ്ഞു. 2022നും 2025നും ഇടയിൽ 150 ബില്യൻ ഡോളർ മൂല്യമുള്ള സ്വർണം, വിദേശനാണ്യ ശേഖരം എന്നിവ റഷ്യൻ കേന്ദ്രബാങ്ക് വിറ്റതായും കണക്കുകൾ പറയുന്നു. ഇതിന് പുറമേയാണ് ഇപ്പോഴത്തെ വിൽപന. മുൻകാലങ്ങളിലും റഷ്യ സ്വർണം വിറ്റിരുന്നെങ്കിലും അത് രാജ്യത്തിനുള്ളിൽതന്നെയുള്ള സ്ഥാപനങ്ങൾക്കായിരുന്നു. രാജ്യത്തിന് പുറത്ത് സ്വർണം വിറ്റ് പണമാക്കുന്നത് കാൽ നൂറ്റാണ്ടിനിടെ ആദ്യം. 2002ലായിരുന്നു ഇതിനുമുൻപത്തേത്. അന്ന് 58 ടൺ സ്വർണം വിറ്റിരുന്നു.
വേൾഡ് ഗോൾഡ് കൗൺസിലിന്‍റെ റിപ്പോർട്ട് പ്രകാരം 2000 ടൺ സ്വർണമാണ് റഷ്യയുടെ ശേഖരത്തിലുള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ സ്വര്‍ണശേഖരമുള്ള അഞ്ചാമത്തെ രാജ്യം. 2022ൽ യുക്രെയ്നു മേൽ പൂർണതോതിലുള്ള യുദ്ധം തുടങ്ങിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. റഷ്യയുടെ സൈനിക ചെലവ് സോവിയറ്റ് കാലത്തേക്കാൾ കൂടി. വരുമാനം കുറയുകയും ചെലവ് കൂടുകയും ചെയ്തതോടെ രാജ്യം ബജറ്റ് കമ്മിയിലേക്ക് നീങ്ങി. ഇതു മറികടക്കാൻ പല മാർഗങ്ങളാണ് റഷ്യ പ്രയോഗിക്കുന്നത്. കൂടുതൽ സർക്കാർ ബോണ്ടുകൾ പുറത്തിറക്കുകയും മൂല്യവർധിത നികുതി (വാറ്റ്) 40 ശതമാനം വരെ വർധിപ്പിക്കുകയും ചെയ്തതാണ് ഇതിലൊന്ന്. കൂടാതെ ദേശീയ വെൽഫയർ ഫണ്ടില്‍ നിന്ന് റഷ്യ പണമെടുത്തിരുന്നു. ഇതു തികയാതെവന്നതോടെയാണ് സ്വര്‍ണ വില്‍പന. സ്വർണം റെക്കോര്‍ഡ് വിലയിലേക്ക് ഉയർന്നതും റഷ്യയുടെ സ്വർണവിൽപനയെ സ്വാധീനിച്ചിട്ടുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്‍ധർ പറയുന്നത്. സ്വർണവില്‍പനയിലൂടെ റഷ്യയ്ക്ക് 1.46 ബില്യൻ ഡോളർ ലഭിച്ചിട്ടുണ്ടാകും. ഇത് ബജറ്റ് കമ്മിയുടെ ചെറിയൊരു ശതമാനം മാത്രമാണെന്നും ഇവർ വിശദീകരിക്കുന്നു. സാമ്പത്തിക പ്രതിസന്ധി കൂടി
യുക്രെയ്ൻ യുദ്ധത്തില്‍ കൂടുതൽ പണം ചെലവഴിക്കേണ്ടി വന്നത് റഷ്യയുടെ സാമ്പത്തിക സ്ഥിതി മോശമാക്കിയെന്നാണ് കണക്കുകൾ പറയുന്നത്. 2025ലെ ബജറ്റലില്‍ ജിഡിപിയുടെ 0.5 ശതമാനം കമ്മിയുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്‍ധർ പ്രവചിച്ചിരുന്നത്. എന്നാൽ ഇത് ജിഡിപിയുടെ 2.6 ശതമാനമാണെന്ന് ബജറ്റ് രേഖകൾ പറയുന്നു. 2025 ഡിസംബറിൽ നടക്കേണ്ട ചില പണമിടപാടുകൾ തൊട്ടടുത്ത വർഷത്തേക്ക് മാറ്റിയതു കൊണ്ടാണ് കമ്മി 2.6 ശതമാനമായി ഒതുങ്ങിയതെന്നും ഇല്ലെങ്കിൽ 3.4 ശതമാനമായി വർധിച്ചേനേയെന്നും സാമ്പത്തിക വിദഗ്‍ധർ പറയുന്നു. അമേരിക്കൻ ഉപരോധം നിലനിൽക്കുന്നത് 2025ലെ എണ്ണ വരുമാനത്തിലും റഷ്യയ്ക്ക് തിരിച്ചടിയായി. ഉപരോധം മൂലം എണ്ണ വരുമാനത്തിൽ 20 ശതമാനമെങ്കിലും കുറവുണ്ടായി. യൂറോപ്പിലെ പല രാജ്യങ്ങളും എണ്ണ വാങ്ങുന്നതു നിർത്തിയതും ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ഡിസ്കൗണ്ടിൽ വിറ്റതും സ്ഥിതി രൂക്ഷമാക്കി. സ്വർണം വിൽക്കാൻ മറ്റു രാജ്യങ്ങളും റഷ്യയുടെ പാത പിന്തുടർന്ന് സ്വർണശേഖരം വിൽക്കാൻ മറ്റു രാജ്യങ്ങളും തയാറായിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഡോളറിന്‍റെ വിനിമയ നിരക്ക് ഉയർന്നതും കേന്ദ്രബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കില്ലെന്ന റിപ്പോർട്ടുകളും സ്വർണത്തിലെ ഡിമാൻഡ് കുറച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതോടെ കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നതുകുറച്ചു. 2022നു ശേഷം സ്വർണവിലയെ മുകളിലേക്ക് കയറ്റിയ ഒരു കാരണമാണ് ഇതോടെ ശക്തി ക്ഷയിക്കുന്നത്. 2022ന് ശേഷം വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ പ്രതിവർഷം 1,000 ടൺ വീതം സ്വർണം വാങ്ങിയെന്നാണു കണക്ക്. എന്നാൽ ഇപ്പോൾ ട്രെൻഡ് മാറിയിട്ടുണ്ട്. ഇറാൻ യുദ്ധം തുടങ്ങിയതിനു ശേഷം 8 ബില്യൻ ഡോളർ മൂല്യം വരുന്ന 60 ടൺ സ്വർണമാണ് തുർക്കി വിറ്റൊഴിവാക്കിയത്. പോളണ്ടും സമാനമായ രീതിയിൽ സ്വർണവിൽപന നടത്തിയിട്ടുണ്ടെന്നും വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നു.
